| Wednesday, 11th September 2013, 2:17 pm

കവിത എഴുതിയത് ഞാനല്ല, വിശിഷ്ട വ്യക്തികളെ അപമാനിച്ചിട്ടുമില്ല: കെ.പി സുധീര്‍ ചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആ കവിത യൂണിയന്റെ ഒരു പ്രസിദ്ധീകരണമായിട്ടാണ് വന്നത്. സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റായ ഞാന്‍ ആ പ്രസിദ്ധീകരണം വിതരണം ചെയ്തു എന്ന പേരിലാണ് ഈ നടപടി നേരിടേണ്ടി വന്നത്


പക്ഷം;പ്രതിപക്ഷം/ കെ.പി സുധീര്‍ ചന്ദ്രന്‍
തയ്യാറാക്കിയത് /ആര്യ.പി

[]കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെതിരെ കവിതയെഴുതി പ്രചരിപ്പിച്ചതിന്റെ പേരില്‍ കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റും ഡെപ്യൂട്ടി രജിസ്ട്രാറുമായ കെ.പി സുധീര്‍ ചന്ദ്രനെ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. []

എന്നാല്‍ കവിതയെഴുതിയതിന്റെ പേരിലല്ല നടപടി നേരിട്ടതെന്നും പിന്നീട് വ്യക്തമായി. തന്നെ സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ കുറിച്ച് കെ.പി സുധീപ് ചന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ കവിതയെഴുതിയതിന് താങ്കളെ സസ്‌പെന്‍ഡ് ചെയ്തല്ലോ, എന്താണ് പറയാനുള്ളത്?

ഇവര്‍ പറയുന്ന കവിതയെഴുതിയത് ഞാനല്ല. വിശിഷ്ട വ്യക്തികളായ സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്‍, സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍, ടെക്‌നോക്രാറ്റ്‌ കെ.പി.പി നമ്പ്യാര്‍ എന്നിവര്‍ക്ക് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിരുന്നു. ഈ മൂന്ന് പേരെയും സര്‍വകലാശാലയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വന്നൊരു കവിതയാണ് ഇത്. ഇവരോടുള്ള ആദരവും സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന കവിതയാണ് ഇത്. അല്ലാതെ അനാദരവ് പ്രകടമാക്കുന്ന കവിതയല്ല. ആ കവിത യൂണിയന്റെ ഒരു പ്രസിദ്ധീകരണമായിട്ടാണ് വന്നത്. സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റായ ഞാന്‍ ആ പ്രസിദ്ധീകരണം വിതരണം ചെയ്തു എന്ന പേരിലാണ് ഈ നടപടി നേരിടേണ്ടി വന്നത്.

യൂണിയന്‍ പ്രസിദ്ധീകരിക്കുന്നത് അത് കഥയായാലും കവിതയായാലും പ്രസിഡന്റ് എന്ന നിലയില്‍ താങ്കള്‍ അറിയേണ്ടതല്ലേ?

അതിന്റെ ആവശ്യമില്ല. കാരണം യൂണിയന്റെ ഒരു കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ഇത്തരം സമാഹാരങ്ങള്‍ പുറത്ത് ഇറങ്ങുന്നത്. യൂണിയനില്‍ കഴിവുള്ള നിരവധി കലാകാരന്‍മാരുണ്ട്. ഇതിന്റെ എഴുത്തുകാരന്‍ ആരെന്ന് അറിയേണ്ട സാഹചര്യം അതുകൊണ്ട് ഇല്ല. ഈ മൂന്ന് വിശിഷ്ട വ്യക്തികളേയും സര്‍വകലാശാലയിലേക്ക് ആദരിച്ചുകൊണ്ടുള്ള ഒരു കവിത എന്ന് മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ.


മഹാഭാരതം വായിച്ചാല്‍ അതിലുള്ള ചില കഥാപാത്രങ്ങളെങ്കിലും നമ്മളാണെന്ന് നമുക്ക് തോന്നും. ഒരു പെണ്ണിനെ തട്ടിക്കൊണ്ടുപോയ ഒരാള്‍ക്ക് രാമായണം വായിച്ചാല്‍ അതിലുള്ള രാവണന്റെ കഥാപാത്രം തന്നെ ഉദ്ദേശിച്ചാണെന്ന് തോന്നും


കണ്ണൂര്‍ വി.സി ക്ക് എതിരാണ് ആ കവിതയെന്ന് തോന്നാനുണ്ടായ കാരണമെന്താവാം ?

അതിപ്പോള്‍ മഹാഭാരതം വായിച്ചാല്‍ അതിലുള്ള ചില കഥാപാത്രങ്ങളെങ്കിലും നമ്മളാണെന്ന് നമുക്ക് തോന്നും. ഒരു പെണ്ണിനെ തട്ടിക്കൊണ്ടുപോയ ഒരാള്‍ക്ക് രാമായണം വായിച്ചാല്‍ അതിലുള്ള രാവണന്റെ കഥാപാത്രം തന്നെ ഉദ്ദേശിച്ചാണെന്ന് തോന്നും. ഓരോ കലാ സൃഷ്ടിയിലും നമ്മളുമായി ബന്ധം തോന്നാവുന്ന പല കാര്യങ്ങളും ഉണ്ടാവും. []

അത് സ്വാഭാവികമാണ്. കവിതയെന്നാല്‍ ഭാവനയ്ക്ക് അനുസരിച്ച് എഴുതിപ്പിടിപ്പിക്കാവുന്ന ഒരു കലാസൃഷ്ടിയാണ്. അതിപ്പോള്‍ നൊബേല്‍ സമ്മാനം കിട്ടണമെന്ന് കരുതിയിട്ടോ ആരെയെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കണമെന്ന് കരുതിയിട്ടോ ഉള്ളതാവണമെന്നില്ല. വ്യത്യസ്തമാര്‍ന്ന ആശയങ്ങളാണ് പല കവിതയിലേയും കവിതയാക്കുന്നത്. കവിതയില്‍ ചിലപ്പോള്‍ സത്യമല്ലാത്ത അംശങ്ങളുണ്ടാവും. അത് ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്. അത്തരത്തില്‍ മാത്രം അതിനെ കണ്ടാല്‍ മതി.
പിന്നെ എം.എ തോറ്റ വ്യക്തി ആരാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. അതുമല്ല പാര്‍ട്ട് ടൈം ഗവേഷണത്തിന്റെ മിനിമം കാല ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ് എന്നാല്‍ കേവലം രണ്ട് വര്‍ഷം കൊണ്ട് അത് പാസായ പ്രതിഭാശാലികളും ഉണ്ട്.

കവിതയില്‍ പക്ഷികളില്‍ ഞാന്‍ ഗരുഢനാകുന്നെന്നും വീസികളില്‍ ഞാന്‍ അന്തര്‍ദേശീയനാകുന്നു എന്ന് ഒരു സ്ഥലത്ത് മാത്രമാണ് വി.സി എന്ന് പ്രയോഗിക്കുന്നത്. മറ്റൊരു സ്ഥലത്തും വി.സി എന്ന് ഉച്ചരിക്കുന്നില്ല.

ഈ കവിത വിശിഷ്ട വ്യക്തികള്‍ക്ക് അപമാനമായി എന്നാണല്ലോ പറയുന്നത് ?

വിശിഷ്ട വ്യക്തികള്‍ക്ക് ഈ കവിത അപമാനമായി എന്ന് പറയേണ്ടത് അവരല്ലേ? അവര്‍ പറഞ്ഞിട്ടില്ലല്ലോ, പിന്നെ ആര്‍ക്കായിരുന്നു ഇതില്‍ പരാതി. ബ്രിട്ടീഷ് സാമ്രാജ്യ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്ത ആളാണ് കെ. മാധവന്‍, അതുപോലെ കെ. രാഘവന്‍ മാസ്റ്ററേയും കെ.പി.പി നമ്പ്യാരെപ്പോലുമുള്ളവര്‍ക്ക് ഈ കവിത ഒരു അപമാനമായി കരുതുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവരെല്ലാം മഹാന്മാരായ വ്യക്തികളാണ്. ഈ കവിതയില്‍ ആരെയും അപമാനിച്ചിട്ടില്ല. അങ്ങനെ ഒരു ഉദ്ദേശവും ആര്‍ക്കും ഉണ്ടെന്നും തോന്നുന്നില്ല. പിന്നെ കവിതയില്‍ മാധവാ രാഘവാ പത്മനാഭാ എന്ന് പറഞ്ഞതാണ് തെറ്റായെങ്കില്‍ ലോകം ബഹുമാനിക്കുന്ന മഹാത്മാ ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും കേരളത്തിലെ ഇ.എം.എസ് നമ്പൂതിരിപ്പാടിനേയും കെ. കരുണാകരനേയും വി.എസ് അച്യുതാനന്ദനേയും നമ്മള്‍ പേരാണ് വിളിക്കുന്നത്. അത് അങ്ങനെ വിളിക്കുന്നത് അവരെ ബഹുമാനം ഇല്ലാതിരുന്നിട്ടല്ല. ആദര സൂചകമായി തന്നെയാണ് വിളിക്കുന്നത്. ഇപ്പോള്‍ 3 വയസായ കുട്ടികള്‍ ദാസേട്ടനെന്നും മമ്മൂക്കയെന്നു പറയുന്നത് എത്ര അരോചകമാണ്. നമ്മള്‍ ദൈവത്തെ ദൈവമേ എന്നാണ് പറയുക.

കയ്യൂരിലെ കുരുക്ഷേത്രഭൂമിയില്‍
തേരുതെളിയിച്ച മാധവാ

എന്ന് കവിതയുടെ തുടക്കത്തില്‍ പറയുന്നുണ്ട്. അവിടെ തേര് തെളിയിച്ച മിസ്റ്റര്‍ മാധവാ എന്ന് കൊടുക്കാന്‍ കഴിയില്ല. തേര് തെളിയിച്ച മാധവേട്ടാ എന്നും കൊടുക്കാന്‍ കഴിയില്ല.

കാരണം കാണിക്കല്‍ നോട്ടീസിന് താങ്കള്‍ മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണ് ?

മറുപടി കൊടുക്കാത്തതിന് കാരണമുണ്ട്. അവര്‍ എനിക്ക് മേല്‍ ആരോപിക്കുന്ന കാര്യങ്ങളൊന്നും രേഖാമൂലം എന്നെ അറിയിച്ചിട്ടില്ല. ഈ കവിത വിവാദമായതിന് ശേഷമാണ് ഞാന്‍ കാണുന്നത്. എന്ത് കാരണത്താലാണ് ഈ കവിത എഴുതിയത് ഞാന്‍ തന്നെയാണെന്ന് അവര്‍ ഉറപ്പിച്ചതെന്ന് എനിക്ക് അറിയില്ല. അത് എന്നെ അറിയച്ചിട്ടുമില്ല. സെപ്റ്റംബര്‍ രണ്ടാം തിയ്യതിയാണ് കാരണം കാണിക്കല്‍ നോട്ടീസ് എനിക്ക് കിട്ടുന്നത്. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിന് ശേഷം മറുപടി കൊടുത്താല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ സെപ്റ്റംബര്‍ രണ്ടിന് ശേഷം ഒരാഴ്ച പോലും അവര്‍ സമയം അനുവദിച്ചിരുന്നില്ല. ഈ നോട്ടീസ് വി.സി ഒരു പക്ഷേ നേരത്തെ തയ്യാറാക്കി വെച്ചതായിരിക്കാം. എന്നാല്‍ എനിക്ക് ലഭിച്ചിരുന്നില്ല.

ഈ നവംബര്‍ 30 ന് ഞാന്‍ വിരമിക്കുകയാണ്. 32 വര്‍ഷത്തെ മികച്ച ഒരു സേവനകാലം എനിക്ക് ഓര്‍ത്തുപറയാനുണ്ട്. അതുകൊണ്ട് ഈ നടപടികളിലൊന്നും വിഷമിച്ചിരിക്കാന്‍ തയ്യാറല്ല.

മാധവാ രാഘവാ പത്മനാഭാ; കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ കവിത

കവിതയെഴുതിയതിന്റെ പേരില്‍ ആരെയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല: ഖാദര്‍ മാങ്ങാട്

We use cookies to give you the best possible experience. Learn more