കോഴിക്കോട്: ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല.
‘ശശികല ടീച്ചര്‍, സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പെരുന്നാള്‍ ദിവസം ശശികല ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.
‘ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു. ഭീകരതയ്ക്കും തീവ്രവാദത്തിനും മാത്രം പിന്തുണ കൊടുക്കുന്ന രാഷ്ട്രീയക്കാര്‍ സാധാരണ മുസല്‍മാന്റെ ആവശ്യത്തിന് കാതോര്‍ക്കാറില്ല എന്നതാണ് സത്യം,’ എന്നായിരുന്നു ശശികലയുടെ പ്രതികരണം.
അതേസമയം, സംസ്ഥാനത്ത് ബലി പെരുന്നാള്‍ പ്രമാണിച്ച് അവധി നല്‍കാത്ത സര്‍ക്കാര്‍ നടപടിയ വിമര്‍ശിച്ച് മലപ്പുറം കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിമും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഇത്തവണ ഞായറാഴ്ചയായിരുന്നു പെരുന്നാള്‍. തലേ ദിവസം രണ്ടാം ശനിയായിരുന്നത് കൊണ്ട് പെരുന്നാളിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേകിച്ച് അവധി നല്‍കിയിരുന്നില്ല. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് എം.എല്‍.എ കുറിപ്പ് പങ്കുവെച്ചത്.
മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലി പെരുന്നാളിനോടനുബന്ധിച്ച് ഒരു ദിവസം പോലും അവധി നല്‍കാത്ത നടപടി ക്രൂരമാമെന്നും ഞായറാഴ്ച പെരുന്നാളായത് കൊണ്ട് തിങ്കളാഴ്ച പൊതു അവധി തികച്ചും ന്യായമായ ആവശ്യമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞിരുന്നു.
ഒരാഴ്ച മുമ്പ് തന്നെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ പൊതു അവധി എന്ന ന്യായമായ ആവശ്യം തിരസ്‌കരിച്ചത് അന്യായമായ നടപടിയായെന്നും ടി.വി. ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
ഓണത്തിനും ക്രിസ്തുമസിനും പരീക്ഷയോടനുബന്ധിച്ചാണെങ്കിലും സ്‌കൂളുകള്‍ക്ക് പത്ത് ദിവസം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം അവധി ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്തവരാണ് ഇവിടെയുള്ള ഭരണാധികാരികള്‍ എന്നതില്‍ ദുഃഖം തോന്നുന്നുവെന്നും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കുമെന്നും എം.എല്‍.എ അറിയിച്ചിരുന്നു.