| Sunday, 11th October 2015, 8:33 pm

കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി.ഒലി പുതിയ നേപ്പാള്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഖഡ്ഗ പ്രസാദ് ശര്‍മ്മ ഒലി ചുമതലയേറ്റു. സുശീല്‍ കൊയ്‌രാള രാജി വച്ചതിനെത്തുടര്‍ന്നാണ് ഒലി പ്രധാനമന്ത്രിയായത്.

നേപ്പാളിലെ പലയിടങ്ങളിലായി നിലനില്‍ക്കുന്ന വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് കെ.പി.ഒലിക്ക് പ്രധാന വെല്ലുവിളിയായി മുന്നിലുള്ളത്. മതേതരരാജ്യമായി മാറാനുള്ള പുതിയ തീരുമാനത്തിനെതിരെ തെക്കന്‍ നേപ്പാളിന്റെ വിവിധ പ്രദേശങ്ങളില്‍ മധേസി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. അതേസമയംതന്നെ രാജ്യത്തുണ്ടായ ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്നും നേപ്പാളിന് പൂര്‍ണ്ണമായി കരകയറാന്‍ കഴിഞ്ഞിട്ടുമില്ല. ഒപ്പം ഇന്ത്യയുമായി നിലനില്‍ക്കുന്ന നയതന്ത്രപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.

താന്‍ മധേസി വിഭാഗത്തിന് എതിരാണ് എന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നാണ് ചുമതലയേറ്റശേഷം ഒലി പ്രസംഗത്തില്‍ പറഞ്ഞത്. ഒലി ഉയര്‍ന്ന ജാതിക്കാരുടെ പ്രതിനിധിയാണെന്നും മധേസി വിഭാഗത്തെ അവഗണിക്കുകയാണെന്നും പലരും ആരോപിക്കുന്നുണ്ട്.

2006ല്‍ രാജഭരണമവസാനിച്ച നേപ്പാളില്‍ എട്ടു വര്‍ഷത്തിനിടെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഒലി. 1952ല്‍ തെക്കന്‍ നേപ്പാളില്‍ ജനിച്ച ഒലിയെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാജഭരണകാലത്ത് 14 വര്‍ഷം ജയിലിലടച്ചിട്ടുണ്ട്. നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

We use cookies to give you the best possible experience. Learn more