കോഴിക്കോട്: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ക്രൈസ്തവര്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയില്ലെന്നും പാംപ്ലാനിയുമായുള്ള കൂടിക്കാഴ്ച ആശാവഹമാണെന്നും സുധാകരന്‍ മാധ്യങ്ങളോട് പ്രതികരിച്ചു.
ക്രൈസ്തവരുമായുള്ള ബി.ജെ.പിയുടെ കൂടിക്കാഴ്ചക്ക് ഒരു ചുക്കും കിട്ടാന്‍ പോകുന്നില്ലെന്നും അവര്‍ വന്നത് പോലെ പോകുമെന്നും സുധാകരന്‍ പറഞ്ഞു. 300 രൂപ റബ്ബറിന് തന്നാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പാംപ്ലാനി പറഞ്ഞിട്ടില്ലെന്നും കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കുക മാത്രമാണുണ്ടായതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ക്ക് ആരുമായും കൂടിക്കാഴ്ച നടത്താന്‍ കഴിയുമെന്നും അതില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്ക് അവര്‍(ക്രൈസ്തവ നേതൃത്വം) ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ ആശങ്കയില്ല. ജനാധിപത്യ സംവിധാനത്തില്‍ ആരുമായും കൂടിക്കാഴ്ച നടത്താം. കേരളത്തിലെ ക്രൈസ്തവ വിഭാഗം എന്നും കോണ്‍ഗ്രിസിനൊപ്പം നിന്നതാണ് ചരിത്രം. സ്വാതന്ത്ര്യ കാലഘട്ടം മുതല്‍ ഇത് കാണാനാകും.
ബി.ജെ.പി ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പത്രമാധ്യമങ്ങള്‍ വലിയ പ്രധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു പേടി കോണ്ഗ്രസിനില്ല. കേരളത്തിലെ വൈദിക സമൂഹം നല്ല രാഷ്ട്രീയ ബോധമുള്ളവരാണ്. ചര്‍ച്ച നല്ല ഫീലിങ്ങാണ് ഉണ്ടായതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,’ കെ സുധാകരന്‍ പറഞ്ഞു.
ക്രൈസ്തവര്‍ ബി.ജെ.പിയോടൊപ്പം പോകുന്നു എന്ന് പറഞ്ഞ് ഈ വിഷയത്തെ രാഷ്ട്രീയമാക്കിയത് സി.പി.ഐ.എമ്മാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഗോവിന്ദന്‍ മാഷും ജയരാജനുമാണ് ഇതിനൊരു രാഷ്ട്രീയ ഡിവിയേഷന്‍ നല്‍കിയത്. മുസ്‌ലിം സമുദായത്തെ സ്വാധിനിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് സി.പി.ഐ.എം അങ്ങനെ ചെയ്യുന്നത്. അതിനപ്പുറം ഒരു പ്രശ്‌നവും ഇവിടെയില്ല,’ സുധാകരന്‍ പറഞ്ഞു.
Content Highlight: K.P.C.C President K Sudhakaran met with Archbishop Mar Joseph Pamplani of Thalassery Archdiocese