തിരുവനന്തപുരം: തൃശൂര്‍ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അത്താഴപ്പട്ടിണിക്കാരുടെ വരെ പണം കൊള്ളയടിക്കുന്ന നേരും നെറിയും കെട്ട പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്ന് സുധാകരന്‍ പറഞ്ഞു.
കുട്ടികളുടെ കല്യാണത്തിനും പഠനത്തിനും ചികിത്സയ്ക്കുമൊക്കെ ഇന്നാട്ടിലെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകള്‍. മുണ്ടുമുറുക്കിയുടുത്ത് അവര്‍ സ്വരുക്കൂട്ടിവെച്ച പണമാണ് സി.പി.ഐ.എം തട്ടിയെടുത്തത്. നിങ്ങളൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘടിത ഭീകര സംഘമാണെന്നും സുധാകരന്‍ പറഞ്ഞു.
സ്വന്തം പണം തിരിച്ചെടുക്കാനാവാത്ത പാവങ്ങളുടെ നിലവിളി കേരളീയ പൊതുസമൂഹം കേള്‍ക്കുന്നില്ല. അവരുടെ കണ്ണീര്‍ ജനം കാണുന്നില്ല. ചികിത്സയ്ക്ക് പണം ലഭിക്കാതെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല.
കക്ഷിരാഷ്ട്രീയത്തിനതീതമായി ആ പാവങ്ങളുടെ വേദന തിരിച്ചറിയാന്‍ നാം തയ്യാറാകണം. സഹകരണ ബാങ്കുകളില്‍ കോടികളുടെ കൊള്ള നടത്തിയത് സി.പി.ഐ.എം ഉന്നത നേതൃത്വമാണ്. ആ പണം തിരിച്ചടക്കേണ്ടത് നമ്മുടെ നികുതിപ്പണമെടുത്തല്ലെന്നും സുധാകരന്‍ പറഞ്ഞു.
ഈ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നിലുണ്ട്. പാവപ്പെട്ട മനുഷ്യരെ കൊല്ലാനും കൊള്ളയടിക്കാനും മടിയില്ലാത്ത ഈ നരാധമ വര്‍ഗത്തെ തുടച്ചുനീക്കാന്‍ കേരളം ഒറ്റക്കെട്ടായി അണിചേരണമെന്നും സുധാകരന്‍ പറഞ്ഞു.
സഹകരണ മേഖലയില്‍ നടക്കുന്നത് സി.പി.ഐ.എം കൊള്ളയാണെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞത്. സഹകരണ മേഖലയിലെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: K.P.C.C. president Sudhakaran. criticized CPIM on the issue related to Karivannur bank fraud.