തിരുവനന്തപുരം: പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടിക പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
സി.പി.ഐ.എം നേതാക്കളുടെ ഭാര്യമാരെയോ ബന്ധുമിത്രാദികളെയോ പിന്‍വാതില്‍ വഴി തിരുകി കേറ്റാനുള്ള വേദികള്‍ അല്ല സര്‍വകലാശാലകള്‍ എന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എങ്ങനെയും പദവികളില്‍ കടിച്ചു തൂങ്ങുന്ന അധികാരമോഹികളായ സഖാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വിധിയില്‍ നാണക്കേട് തോന്നില്ല. പക്ഷേ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടത് കേരളത്തിന്റെ പൊതു സമൂഹമാണ്, ഈ ഭരണകൂടത്തെ തലയില്‍ പേറുന്നതിന്റെ പേരില്‍.
യോഗ്യതയുള്ള ഇടത് സഹയാത്രികനെ തന്നെ വെട്ടിയിട്ടാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അനധികൃത നിയമനം കൊടുത്തത്. സാധാരണ സഖാവായാല്‍ പോര, ഏതെങ്കിലും നേതാവിന്റെ ഭാര്യയോ ബന്ധുവോ ആയാല്‍ മാത്രമേ ഇത്തരം നിയമനങ്ങള്‍ ലഭിക്കൂ എന്നത് പിണറായി സര്‍ക്കാരിന്റെ സകല വൃത്തികേടുകള്‍ക്കും കൈയ്യടിക്കുന്ന സാധാരണ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മനസിലാക്കിയാല്‍ നന്നെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ ഓരോ കുടുംബങ്ങളും ചിന്തിക്കണം, നമ്മുടെ കുട്ടികളുടെ അവസരങ്ങളാണ് ഈ അഴിമതി വീരന്‍മാര്‍ തച്ചുതകര്‍ക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ജോലിക്ക് കാത്തിരിക്കുന്നവരെ നിര്‍ദാക്ഷിണ്യം വെട്ടിമാറ്റിയാണ് സി.പി.ഐ.എം നേതാക്കള്‍ യാതൊരു യോഗ്യതയുമില്ലാത്ത സ്വന്തം ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കുന്നത്.
പിണറായി വിജയന്റെ അഴിമതികള്‍ കണ്ട് മിണ്ടാതിരിക്കാനുള്ള നോക്കുകൂലിയാണോ നേതാക്കളുടെ ഭാര്യമാര്‍ക്കുള്ള അനധികൃത നിയമനങ്ങള്‍ എന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ പരിശോധിക്കണം, പിണറായിയെ ഭയമില്ലെങ്കില്‍ മാത്രം.
കുട്ടി സഖാക്കള്‍ക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തിക്കൊടുത്ത് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വരുത്തിയതും ഇതേ ഭരണക്കാര്‍ തന്നെയാണ്. കുട്ടികള്‍ക്ക് മികച്ച അധ്യാപകരെയും മികച്ച വിദ്യാഭ്യാസവും യോഗ്യതയുള്ളവര്‍ക്ക് മികച്ച ജോലികളും ലഭിക്കാനുള്ള അവസരം കൂടിയാണ് എ.കെ.ജി സെന്ററിലെ കുശിനിക്കാര്‍ക്ക് അനധികൃത നിയമനം കൊടുക്കുമ്പോള്‍ നഷ്ടമാകുന്നത്.
നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ജീവിതവും സി.പി.ഐ.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് വേണ്ടി തട്ടിത്തെറിപ്പിക്കുന്ന ഉളുപ്പില്ലാത്ത പിണറായി സര്‍ക്കാരിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഈ മണ്ണില്‍ പ്രതിഷേധമുയരും. ആത്മാഭിമാനമുള്ള സി.പി.ഐ.എം പ്രവര്‍ത്തകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ നെറികേടിനെതിരെ അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHT: K.P.C.C president K. Sudhakaran said where Priya Varghese stood first, reacted to the High Court’s decision to review the appointment list of associate professor