തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ ക്രൈസ്തവ സ്‌നേഹം കാപട്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ബി.ജെ.പിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുന്ന കര്‍ണാടകയിലെ ബി.ജെ.പി നേതാവിന്റെ പ്രതികരണം പങ്കുവെച്ചായിരുന്നു സുധാകരന്റെ പ്രതികണം.
‘ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് പറഞ്ഞത്. തല്ലിയിട്ട് വരുന്നവരെ സംരക്ഷിക്കാം എന്നും ബി.ജെ.പി ഉറപ്പു നല്‍കി.
ഈ പാര്‍ട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബി.ജെ.പി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക,’ കെ. സുധാകരന്‍ പറഞ്ഞു.
ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ചില ക്രിസ്ത്യന്‍ പുരോഹിതരുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് സുധാകരന്റെ പ്രതികരണം.
ഭീമ കൊറേഗാവ് കേസില്‍ ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കിടന്ന് മരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മറക്കരുതെന്നായിരുന്നു വിഷയത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.
‘അല്ലയോ പുരോഹിതരേ ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ക്യാപ്ഷനില്‍ സ്റ്റാന്‍ സ്വാമിയുടെ ചിത്രമടങ്ങുന്ന പോസ്റ്റാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.
അതേസമയം, ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പുകഴ്ത്തിക്കൊണ്ട് ചില ക്രൈസ്തവ സംഘടന നേതാക്കള്‍ രംഗത്തെത്തിയതും ചര്‍ച്ചയാകുന്നുണ്ട്. മോദി നല്ല നേതാവാണെന്നും ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടിരുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.