16 കെ.പി.സി.സി ഭാരവാഹികളുടെ പ്രകടനം മോശമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍
Kerala Politics
16 കെ.പി.സി.സി ഭാരവാഹികളുടെ പ്രകടനം മോശമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 10:32 am

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളില്‍ 16 പേരുടെ കഴിഞ്ഞ മൂന്നുമാസത്തെ പ്രവര്‍ത്തനം മികവില്ലാത്തതെന്ന് വിലയിരുത്തല്‍. പെര്‍ഫോമന്‍സ് അസസ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി അദ്ധ്യക്ഷന്‍മാരുടെയും ജൂണ്‍ മുതലുള്ള ആദ്യ ത്രൈമാസ വിലയിരുത്തല്‍ പൂര്‍ത്തിയായപ്പോഴാണ് ഈ വിലയിരുത്തല്‍.

കെ.പി.സി.സി ഭാരവാഹികളില്‍ 20 പേരുടേത് ശരാശരി പ്രകടനം മാത്രമാണ്. മികച്ച പ്രവര്‍ത്തനം നടത്തിയത് ഒമ്പത് പേരാണ്.

ഒമ്പത് ഡി.സി.സികളുടെ പ്രവര്‍ത്തനം മികച്ച നിലയിലും അഞ്ചെണ്ണം ശരാശരിയിലുമാണ്.

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്ന് കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ പച്ചയിലും ശരാശരിക്കാര്‍ മഞ്ഞയിലും മികവു പുലര്‍ത്താത്തവര്‍ ചുവപ്പിലുമായാണ് ഉള്‍പ്പെടുക.

പ്രവര്‍ത്തന ക്ഷമമാകാത്തവര്‍ക്ക് കെ.പി.സി.സി തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കും.

ഡി.സി.സി. ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും പ്രവര്‍ത്തന മികവ് പരിശോധിക്കാന്‍ ഒക്ടോബര്‍ 4 മുതല്‍ 22 വരെ എല്ലാ ജില്ലകളിലും റിവ്യൂ യോഗങ്ങള്‍ നടക്കുമെന്ന് പെര്‍ഫോമന്‍സ് അസസ്മെന്റ് സിസ്റ്റത്തിന്റെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയില്‍പ്പോലും സംഘടനാപ്രവര്‍ത്തനവും ‘കൊവിഡ് റിലീഫ്’ പ്രവര്‍ത്തനവും ഏറ്റവും മികച്ച നിലയില്‍ പാര്‍ട്ടിക്ക് നടപ്പിലാക്കാനായെന്നും ഏറ്റവും ഫലപ്രദമായ സാമൂഹ്യ ഇടപെടല്‍ നടത്തിയ സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും പെര്‍ഫോമന്‍സ് അസസ്മെന്റ് സിസ്റ്റം വിലയിരുത്തിയെന്ന് സജീവ് ജോസഫ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.P.C.C Performance Assessment System Congress