കോഴിക്കോട്: സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ഖജനാവിലെ കോടികളെടുത്ത് പ്രതിരോധം തീര്‍ക്കുന്ന സി.പി.ഐ.എം സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ പൊലീസ് തന്നെ എഴുതിത്തള്ളിയ കേസാണിതെന്നും അത് സി.ബി.ഐയ്ക്ക് വിട്ടതോടെ സംസ്ഥാന സര്‍ക്കാരിന്റെ തനിസ്വരൂപം വ്യക്തമായെന്നും മജീദ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ നീക്കത്തെ കേരളത്തിലെ പ്രബുദ്ധ ജനത തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷത്തെ ഭരണനേട്ടമായി ഒന്നും പറയാനില്ലാത്ത പിണറായി സര്‍ക്കാരിന്റെ വെപ്രാളമാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാഫിയ ഭരണകൂടത്തിനെതിരായ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി പകപോക്കല്‍ രാഷ്ട്രീയത്തെ നേരിടുമെന്നും മജീദ് പറഞ്ഞു.
സര്‍ക്കാര്‍ ഞായറാഴ്ച കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദമായ സോളാര്‍ ലൈംഗിക പീഡന കേസുകള്‍ സി.ബി.ഐക്ക് വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സി വേണുഗോപാല്‍, എ. പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സി.ബി.ഐക്ക് വിട്ടത്.
പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേല്‍ നോട്ട ചുമതല ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ സോളാര്‍ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ തലത്തില്‍ പുതിയ ചലനങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കണക്കുകൂട്ടല്‍.
2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ. സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ. പി അനില്‍കുമാര്‍ അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക