| Sunday, 27th September 2020, 1:17 pm

'അധികാരത്തിനുവേണ്ടി ചെകുത്താന്‍മാരുമായി കൂട്ടുകൂടണമെന്നത് സി.പി.ഐ.എം നയം'; കോടിയേരിയ്ക്ക് കെ.പി.എ മജീദിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

ലീഗിനെ ലക്ഷ്യമിട്ടുള്ള കോടിയേരിയുടെ പ്രസ്താവനകള്‍ നുണകളെ സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ വളര്‍ത്തുകയും ചെയ്തത് സി.പി.ഐ.എമ്മാണെന്നും മജീദ് ആരോപിച്ചു.

പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് ഇപ്പോഴും പഞ്ചായത്തുകള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അധികാരത്തിനു വേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നത് സി.പി.ഐ.എമ്മിന്റെ കാലങ്ങളായുള്ള നയമാണ്. ഇതിനെയൊക്കെ മറികടക്കാനും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറയിടാനുമാണ് ലീഗ് വര്‍ഗ്ഗീയശക്തികളെ കൂട്ടുപിടിക്കുന്നു എന്ന ആരോപണം കോടിയേരി ആവര്‍ത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകള്‍ നുണകളെ സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ്. അധികാരത്തിനു വേണ്ടി തരാതരം വര്‍ഗ്ഗീയശക്തികളുമായി കൂട്ടുചേരുന്ന കേരളത്തിലെ ഒരേയൊരു പാര്‍ട്ടി സി.പി.എമ്മാണെന്ന് ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. മുസ്‌ലിം ലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ പാലൂട്ടി വളര്‍ത്തുകയും ചെയ്തത് സി.പി.എമ്മാണ്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെയൊക്കെ വര്‍ഗ്ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേരുന്ന നയമല്ല. സി.പി.എം നേരിടുന്ന വലിയ ആശയ പ്രതിസന്ധിയാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

ബി.ജെ.പിയല്ല മുഖ്യശത്രു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കുകയാണ് സി.പി.എം ചെയ്തത്. ആ നുണയെ ആവര്‍ത്തിക്കാനാണ് കോടിയേരി ശ്രമിച്ചത്. ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെയും ഫാഷിസത്തെയും എല്ലാ കാലത്തും എതിര്‍ക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. എന്നാല്‍ പല കാര്യങ്ങളിലും ബി.ജെ.പി നയമാണ് സി.പി.എം പിന്തുടരുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ റവന്യു വരുമാനത്തില്‍ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിമാരാകും എന്ന ബി.ജെ.പി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ആവര്‍ത്തിക്കുന്ന കോടിയേരി ഭൂരിപക്ഷ ധ്രുവീകരണത്തിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.

എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് ഇപ്പോഴും പഞ്ചായത്തുകള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. അധികാരത്തിനു വേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നത് സി.പി.എമ്മിന്റെ കാലങ്ങളായുള്ള നയമാണ്. ഇതിനെയൊക്കെ മറികടക്കാനും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറയിടാനുമാണ് ലീഗ് വര്‍ഗ്ഗീയശക്തികളെ കൂട്ടുപിടിക്കുന്നു എന്ന ആരോപണം കോടിയേരി ആവര്‍ത്തിക്കുന്നത്. മുതലാളിത്തത്തിനും വര്‍ഗ്ഗീയതക്കുമെതിരെ നിരന്തരം പ്രസംഗിക്കുകയും തരംകിട്ടുമ്പോഴൊക്കെ ഇത്തരം ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്ന കാപട്യത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്- അദ്ദേഹം പറഞ്ഞു. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്ന് കോടിയേരി ഓര്‍ക്കുന്നത് നല്ലതാണ്. മുസ്‌ലിം ലീഗ് കരുത്തുറ്റ പാരമ്പര്യവും ആദര്‍ശവും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. പുറത്തുനിന്നുള്ള ഒരു ശക്തിക്കും ലീഗിന്റെ നയം തിരുത്താനോ സ്വാധീനിക്കാനോ ആവില്ല. ഭരണത്തിനെതിരെ ന്യൂനപക്ഷ ഏകീകരണമുണ്ടാകുന്നു എന്ന ഭയമാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ് കോടിയേരിയുടെ പ്രസ്താവനകള്‍. ലീഗിനെതിരായ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുന്നു.

-കെ.പി.എ മജീദ്
ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  K P A majeed facebook post aganist kodiyeri balakrishnan

We use cookies to give you the best possible experience. Learn more