മതിലുകളിലെ നാരായണി, ആ ശബ്ദം ഒരിക്കലും കെ.പി.എ.സി ലളിതയാകരുതായിരുന്നു
FB Notification
മതിലുകളിലെ നാരായണി, ആ ശബ്ദം ഒരിക്കലും കെ.പി.എ.സി ലളിതയാകരുതായിരുന്നു
ഹരിനാരായണന്‍
Monday, 17th August 2020, 6:15 pm

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമകളില്‍, കഥയുമായി തീരെ യോജിക്കാത്ത ഒരു ടൈറ്റില്‍ സ്വീകരിച്ചത് ഒരു പക്ഷേ ‘മതിലുകള്‍’ എന്ന സിനിമയ്ക്ക് വേണ്ടിയായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ സിനിമയാക്കിയപ്പോള്‍ ‘മതിലുകള്‍’ എന്ന ശീര്‍ഷകം തന്നെ സിനിമയ്ക്കും സ്വീകരിച്ചതില്‍ എന്തെങ്കിലും പിശകുണ്ടോ? പറയാം.

പ്രേക്ഷകരെ സംബന്ധിച്ച് ഈ സിനിമയില്‍ എവിടെയായിരുന്നു മതില്‍?

ഒരു പക്ഷേ മലയാളിപ്രേക്ഷകരെ സംബന്ധിച്ച് മാത്രമായിരിക്കും കഥാപാത്രങ്ങള്‍ക്കിടയില്‍ ‘മതിലുകള്‍’ ഇല്ലാത്തത്, നമുക്കല്ലേ കെ പി എ സി ലളിത എന്ന നടിയുടെ ശബ്ദം അറിയൂ. ഒരു മലയാളിയെ സംബന്ധിച്ച് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘ബഷീര്‍’ എന്ന കഥാപാത്രം മതിലിനപ്പുറത്തുള്ള കെ.പി.എ.സി ലളിത അവതരിപ്പിക്കുന്ന ‘നാരായണി’ എന്ന കഥാപാത്രത്തോട് സംസാരിക്കുന്നു, ഇവര്‍ക്കിടയില്‍ എവിടെയാണ് മതില്‍ ?

കേള്‍ക്കുന്ന സ്ത്രീശബ്ദത്തെ ഭാവന കൊണ്ട് പൂര്‍ണ്ണമാക്കാന്‍ പ്രേരിപ്പിക്കുന്ന, കാഴ്ചയെ മറയ്ക്കുന്ന ആ ‘മതിലുകള്‍’ ഏതായാലും സിനിമയില്‍ ഇല്ല. മതിലുകള്‍ ഇല്ലാത്തത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രമാണ് എന്നതാണ് വസ്തുത.

‘മതില്‍’ എന്ന അനുഭവം നോവലിലും സിനിമയിലും രണ്ടും രണ്ടാണ്.

മതിലുകള്‍(നോവല്‍)-

വായനക്കാരെ സംബന്ധിച്ച് ബഷീറിന്റെ ‘മതിലുകള്‍’ എന്ന നോവലില്‍ മതിലുകളെ മതിലായിത്തന്നെ അനുഭവിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. ഈ നോവല്‍ വായിക്കുന്ന മലയാളികള്‍ അല്ലാത്ത വായനക്കാര്‍ക്കും ഈ ‘മതിലുകള്‍’ എന്ന സംഗതി അതേ പോലെ അനുഭവിക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. നോവലിന്റെ വായനക്കാര്‍/പ്രേക്ഷകര്‍ മനസ്സ് കൊണ്ട് ബഷീര്‍ എന്ന കഥാപാത്രമായി മാറുന്നു. രണ്ട് പേരും, ബഷീറും വായനക്കാരും ഒരേ പോലെ ‘മതില്‍’ അനുഭവിക്കുന്നു. നോവലില്‍ ബഷീറിന്റെ കൂടെയോ അല്ലെങ്കില്‍ ബഷീര്‍ തന്നെയാണ് വായനക്കാരും. ‘നാരായണി’യുടെ ശബ്ദം നല്‍കിയ ഊര്‍ജ്ജത്താല്‍ മനസ്സിന്റെ ഭാവന കൊണ്ട് മുന്നിലെ മതിലുകള്‍ പൊളിക്കാന്‍ വായനക്കാര്‍ ബൗദ്ധികമായി അധ്വാനിക്കുന്നു.

മതിലുകള്‍(സിനിമ)-

സിനിമയിലേക്ക് വരുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്‍ രണ്ട് രീതിയിലുള്ള വിഭജനം നടത്തുന്നുണ്ട്;

വിഭജനം ഒന്ന്

നോവലില്‍ നിന്ന് വ്യത്യസ്തമായി, സിനിമയില്‍ മമ്മൂട്ടിയുടെ ബഷീര്‍ എന്ന കഥാപാത്രത്തേയും പ്രേക്ഷകരേയും രണ്ടാക്കി വിഭജിക്കുന്നു, എന്തെന്നാല്‍ കാഴ്ചയെ മറയ്ക്കുന്ന മതിലുകള്‍ സിനിമയിലെ ബഷീറിന് മാത്രമാണുള്ളത്, പ്രേക്ഷകര്‍ക്ക് അവിടെ മതിലില്ല. പ്രേക്ഷകര്‍ അവിടെ കെ.പി.എ.സി ലളിതയുടെ രൂപത്തില്‍ ‘നാരായണി’യെ കാണുന്നു. പക്ഷേ മമ്മൂട്ടിയുടെ കഥാപാത്രം താന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത, കാണാന്‍ ആഗ്രഹിക്കുന്ന ‘നാരായണി’യെ കേള്‍ക്കുക മാത്രം ചെയ്യുന്നു.

സിനിമയില്‍ നാരായണി കടന്ന് വരുന്ന സീനുകളില്‍, മനസ്സിന്റെ ഭാവന കൊണ്ട് മുന്നിലെ മതിലുകള്‍ പൊളിക്കാന്‍ പ്രേക്ഷകര്‍ ബൗദ്ധികമായി അധ്വാനിക്കേണ്ടി വരുന്നില്ല, കാരണം നമ്മള്‍ക്ക് അവിടെ ‘മതിലി’ലല്ലോ. മതിലുള്ളത് മമ്മൂട്ടിയുടെ ആ കഥാപാത്രത്തിന് മാത്രമാണ്. സാഹിത്യത്തില്‍ ഒരുമിച്ച് സഞ്ചരിച്ച ബഷീര്‍ എന്ന കഥാപാത്രവും പ്രേക്ഷകരും അങ്ങനെ ഇവിടെ സിനിമയില്‍ രണ്ടായി മുറിയുന്നു/മുറിക്കുന്നു.

ബഷീര്‍ നാരായണിയെ കേള്‍ക്കുന്നു, പ്രേക്ഷകര്‍ ഒരേ സമയം നാരായണിയെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ആ കാരണത്താല്‍, സ്വന്തം കണ്ണും നെഞ്ചും മുഖവും വര്‍ണ്ണിക്കുന്ന നാരായണിയെ മമ്മൂട്ടി/ബഷീര്‍ കേള്‍ക്കുന്ന പോലെ കേള്‍ക്കാനും അനുഭവിക്കാനും പ്രേക്ഷകര്‍ക്ക് സാധിക്കില്ലെന്നത് തീര്‍ച്ച.

കെ.പി.എ. സി ലളിത എന്ന നടിയുടെ മുന്‍കാല സിനിമകളിലൂടെ അവരുടെ കണ്ണും നെഞ്ചും മൂക്കും എങ്ങനെയാണെന്ന് പ്രേക്ഷകര്‍ക്ക് ഇതിനോടകം അറിയാമല്ലോ. അതിനാല്‍ സിനിമയില്‍, ബഷീറിന്റെ മനസ്സിനോട് താദാത്മ്യം പ്രാപിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയാതെ വരുന്നു. (അടൂരിന്റെ സിനിമയായത് കൊണ്ട്, മേല്‍ പരാമര്‍ശിച്ച പ്രേക്ഷകരുടെ കഴിവുകേടിനെ പ്രേക്ഷകരുടെ നിലവാരക്കുറവായി വ്യാഖ്യാനിക്കാന്‍ ആവശ്യത്തിലധികം നിരൂപകര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത് മറ്റൊരു സത്യം.)

വിഭജനം രണ്ട്

സിനിമ കാണുമ്പോള്‍ മലയാളി പ്രേക്ഷകരേയും മലയാളികള്‍ അല്ലാത്ത പ്രേക്ഷകരേയും രണ്ട് ധ്രുവങ്ങളിലേക്ക് വിഭജിച്ചു മാറ്റുന്നുണ്ട് അടൂര്‍. ഈ രണ്ട് കൂട്ടം പ്രേക്ഷകര്‍ക്കും തീര്‍ച്ചയായും രണ്ട് അനുഭവമായിരിക്കും സിനിമ. എന്തെന്നാല്‍ ‘മതില്‍’ അനുഭവിക്കാന്‍ മലയാളികള്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക് സാധിക്കും, അവര്‍ക്ക് കെപിഎസി ലളിതയുടെ ശബ്ദം പരിചയമില്ലല്ലോ. അത് കൊണ്ട് നോവല്‍ നല്‍കുന്ന അനുഭവത്തിന് സമാനമായി ബഷീര്‍ എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ കൂടെ സഞ്ചരിക്കാനും ബഷീറിനോട് താദാത്മ്യം പ്രാപിക്കാനും മലയാളിയല്ലാത്ത സിനിമാപ്രേക്ഷകന് സാധിക്കുന്നു.

അവര്‍ക്ക് മതിലുണ്ട്, അവര്‍ ബഷീറിന്റെ കൂടെ നില്‍ക്കുന്നു, അവര്‍ ബഷീര്‍ ആയി മാറുന്നു. Empathy ബഷീറിനോടാവുന്നു, അവര്‍ക്ക് ബഷീറിനെ പോലെ മതിലിനപ്പുറമുള്ള നാരായണിയെ കാണാന്‍ സാധിക്കുന്നില്ല, കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ. മലയാളികള്‍ നാരായണിയെ കേള്‍ക്കുകയും കാണുകയും ചെയ്യുന്നു, അനുഭവം മറ്റൊരു ധ്രുവത്തിലേക്ക് മാറുന്നു(താഴുന്നു?).

സിനിമയില്‍ മമ്മൂട്ടിയുടെ ബഷീര്‍ എന്ന കഥാപാത്രം മതിലിന് മുകളിലിരിക്കുന്ന ഒരു അണ്ണാനോട് കയര്‍ക്കുന്നുണ്ട്. ഈ അണ്ണാന്‍ നമ്മളെ നോക്കി പരിഹസിക്കുകയാണ് എന്ന് ബഷീര്‍ നാരായണിയോട് പറയുന്നുമുണ്ട്. ഈ അണ്ണാനാണ് മലയാളികള്‍. മലയാളികള്‍ക്ക് ബഷീറിനെക്കാളും കൂടുതല്‍ താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നത് ഈ അണ്ണാനോടാണ്.

മലയാളികളെപ്പോലെ അണ്ണാനും അനുഭവത്തില്‍ മതില്‍ ഇല്ല, അണ്ണാന്‍ ഇപ്പുറത്തുള്ള ബഷീറിനെയും അപ്പുറത്തുള്ള നാരായണിയേയും കേള്‍ക്കുന്നതോടൊപ്പം കാണുകയും ചെയ്യുന്നു, സിനിമ കാണുന്ന മലയാളികളുടെ അതേ അവസ്ഥ. ഈ അവസ്ഥ മലയാളിയല്ലാത്ത പ്രേക്ഷകര്‍ക്ക് വരുന്നില്ല, അടൂരിന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമ 1989ല്‍ ഇറങ്ങിയ ഈ ‘മതിലുകളാ’ണ് എന്ന വസ്തുതയും കൂടി ഒന്ന് ചേര്‍ത്ത് വായിക്കണം.

എണ്‍പതുകളുടെ അവസാനം തന്നെ പുറത്തിറങ്ങിയ ‘വടക്കുനോക്കിയന്ത്രം’, ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, ‘പൊന്മുട്ടയിടുന്ന താറാവ് ‘ എന്നീ സിനിമകളില്‍ വളരെ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു കെ.പി.എ.സി ലളിത എന്ന നടിക്കുണ്ടായിരുന്നത്. ആ നിലയ്ക്ക്, അപ്പോള്‍ അതേ കാലയളവില്‍ തന്നെ പുറത്തിറങ്ങിയ ‘മതിലുകള്‍’ എന്ന സിനിമയിലെ നാരായണി മലയാളിപ്രേക്ഷകരുടെ മനസ്സില്‍ എങ്ങനെയായിരിക്കും വന്നിട്ടുണ്ടാവുകയെന്ന് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ…

2017ല്‍ ‘അഴിമുഖം’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇങ്ങനെ പറയുന്നുണ്ട്, ‘എനിക്കു വെല്ലുവിളി ആയി തോന്നിയത് അതില്‍ ഒരു സ്ത്രീ വരുന്നില്ല എന്നതായിരുന്നു. കഥയുടെ ഭംഗിയും അതു തന്നെയാണ്. അവര്‍ തമ്മില്‍ കൂട്ടിമുട്ടിയിരുന്നെങ്കില്‍ ആ കഥ അവിടെ തീര്‍ന്നു. കാണാതെ ശബ്ദത്തില്‍ കൂടിയുള്ള ബന്ധം എന്ന് പറയുന്നതു തീവ്രമായ അനുഭവമാണ്. പച്ചയായ പുരുഷനും പച്ചയായ സ്ത്രീയുമാണ് അപ്പുറത്തും ഇപ്പുറത്തും നിന്നു സംസാരിക്കുന്നത്. അവരുടെ ഇടയില്‍ വേറെ യാതൊരു ഇടതടവുകള്‍ ഒന്നുമില്ല,മതിലൊഴിച്ച്.’

ഇവിടെ അടൂര്‍ പറയുന്ന ”മതിലൊഴിച്ച്” എന്ന പ്രയോഗം മലയാളികള്‍ക്ക് ബാധകമല്ല. ഒരു സ്ത്രീ വരുന്നില്ല എന്നതാണ് കഥയുടെ ഭംഗിയെന്ന് പറയുന്ന അടൂര്‍ മലയാളികള്‍ക്ക് മുന്നില്‍ cinematically മലയാളികള്‍ക്ക് കാണാന്‍ പാകത്തിന് ഒരു സ്ത്രീയെ കൊണ്ട് വരുന്നു. ക്യാമറയുടെ ഫ്രെയിമില്‍ വന്നില്ലെങ്കിലും മലയാളികളുടെ കണ്ണില്‍ നല്ല വണ്ണം കാണാന്‍ പാകത്തില്‍ അവിടെ ഒരു സ്ത്രീയുണ്ട്, ആ സ്ത്രീയാണ് കെ.പി.എ.സി ലളിത എന്ന നടി.

സിനിമ ചെയ്യുമ്പോള്‍, മലയാളികള്‍ എന്ന വിഭാഗത്തെ ഇവിടെ സംവിധായകന്‍ പരിഗണിച്ചുവെന്ന് തോന്നുന്നില്ല. പരിഗണിച്ചിരുന്നുവെങ്കില്‍, അടൂര്‍ ഈ അഭിമുഖത്തില്‍ പറയുന്നത് പോലെ ‘കാണാതെ ശബ്ദത്തില്‍ കൂടിയുള്ള ബന്ധം എന്ന് പറയുന്ന തീവ്രമായ ആ അനുഭവം’ മറ്റ് പ്രേക്ഷകരെപ്പോലെ മലയാളിപ്രേക്ഷകര്‍ക്കും അനുഭവിക്കുവാന്‍ സാധിക്കുമായിരുന്നു.

ഇതേ അഭിമുഖത്തില്‍ അടൂര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്, ‘മതിലുകള്‍ എന്ന നോവലിന്റെ റൈറ്റ്‌സ് പലരും ബഷീറില്‍ നിന്നും വാങ്ങിച്ചിരുന്നു. എന്നാല്‍ നായികയെ കാണിക്കാന്‍ ഒക്കാത്തതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു’. ഒന്ന് ചോദിക്കട്ടെ, മലയാളികളെ സംബന്ധിച്ചിടത്തോളം ആ റൈറ്റ്‌സ് ഉപേക്ഷിച്ചവരില്‍ നിന്ന് എന്ത് വ്യത്യാസമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനുള്ളത്. സിനിമയില്‍ നായികയെ മലയാളികള്‍ നന്നായിത്തന്നെ കാണുന്നുണ്ട്. ‘കാഴ്ച’ എന്ന അനുഭവം ചതുരാകൃതിയിലുള്ള ഒരു ഫ്രെയിമിനുള്ളില്‍ നിന്ന് മാത്രം ഉണ്ടായി വരുന്നതല്ലെന്ന് ഇവിടുത്തെ മറ്റേതൊരു സംവിധായകനെക്കാളും നന്നായി അറിയാവുന്ന ആളല്ലേ അടൂര്‍.

നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുവാനായി കെ.പി.എ.സി ലളിത എന്ന നടിയെ എന്ത് കൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അടൂരിന്റെ ഉത്തരം, ‘Familiar good voice was better than an unfamiliar bad voice’ എന്നായിരുന്നു. അടൂര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ശബ്ദത്തിന്റെ ഈ ‘unfamiliarity’ അഥവാ ‘അപരിചിതത്വം’ കൊണ്ടാണ് അദ്ദേഹം പറയുന്ന തീവ്രമായ അനുഭവം മലയാളികള്‍ അല്ലാത്ത പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

അവര്‍ നാരായണിയുടെ ശബ്ദത്തിന് പൂര്‍ണ്ണത കൊടുക്കുവാന്‍ അവരുടെ ഭാവന കൊണ്ട് ബൗദ്ധികമായി അധ്വാനിച്ചു, അങ്ങനെ അവരുടെ സിനിമാനുഭവം മലയാളികളില്‍ നിന്ന് വ്യത്യസ്തവും തീവ്രവുമായി. അതുകൊണ്ട് മലയാളികളെ സംബന്ധിച്ച് ഇവിടെ ‘An unfamiliar bad voice is better than familiar good voice’ എന്നതാണ് ഭേദം.

സിനിമ നോവലിനെക്കാളും മികച്ചതാണെന്നോ അല്ലെന്നോ സ്ഥാപിക്കാന്‍ വേണ്ടിയല്ല ഇത്രയും എഴുതിയത്. സിനിമയില്‍ ‘മതിലുകള്‍’ എന്ന അനുഭവം മലയാളികള്‍ക്ക് എത്രത്തോളം നഷ്ടപ്പെടുന്നു എന്ന് പങ്കുവെക്കുവാന്‍ മാത്രമാണ്. കഥയുടെ അവസാനം ജയിലിന് പുറത്ത് ലഭിക്കുന്ന ‘സ്വാതന്ത്ര്യ’ത്തെക്കാള്‍ കൂടുതല്‍ മൂല്യം ജയിലിനകത്തുള്ള ‘സ്‌നേഹം’ കിട്ടുന്ന ‘പാരതന്ത്ര്യ’ത്തിനാണെന്ന് ബഷീറിന് തോന്നുന്ന പോലെ പ്രേക്ഷകര്‍ക്കും തോന്നാന്‍ ആ ‘മതില്‍’ എന്ന അനുഭവം കൂടിയേ തീരൂ. ‘മതിലുകള്‍’ എന്നത് കേവലമൊരു ടൈറ്റില്‍ അല്ല, ഈ കഥയ്ക്ക് വളരെ അനിവാര്യമായ ഒരു അനുഭവമാണ്.

കുറഞ്ഞ പക്ഷം, ഒട്ടും ചേരാത്ത ആ ‘മതിലുകള്‍’ എന്ന ടൈറ്റിലെങ്കിലും ഒന്ന് ഒഴിവാക്കാമായിരുന്നു.

അങ്ങനെ, ഒരു കഥാപാത്രത്തിന്റെ ശബ്ദത്തിന്റെ തെരഞ്ഞെടുപ്പ് കൊണ്ട് മാത്രം മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മികച്ച സിനിമകളിലൊന്നായ ‘മതിലുകള്‍’ മതിലുകളായി അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ മലയാളികള്‍ക്ക് യോഗമില്ലാതെ പോയി.

ചുരുക്കി പറഞ്ഞാല്‍, സിനിമ കാണുന്ന വിദേശപ്രേക്ഷകര്‍ ബഷീറിനൊപ്പം മതിലില്‍ മുഖം ചേര്‍ത്ത് പ്രേമിക്കുമ്പോള്‍ മതിലിന്റെ മുകളില്‍ ഇരുന്ന് ബഷീറിനെയും നാരായണിയേയും കാണുന്ന ആ അണ്ണാനാവാനായിരുന്നു മലയാളികളുടെ വിധി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ചപ്ലാച്ചി’ ആവാനായിരുന്നു നമ്മുടെ യോഗം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹരിനാരായണന്‍
ദൃശ്യമാധ്യമ പ്രവർത്തകന്‍