കോഴിക്കോട്: തൊഴിലിടത്തെ മാനസിക പീഡനത്തെതുടര്‍ന്ന് ജോലി രാജിവെക്കേണ്ടി വന്ന മാതൃഭൂമി ലേഖികയായ അഞ്ജനയ്ക്കും വേതനതര്‍ക്കത്തെതുടര്‍ന്ന് പിരിച്ച് വിടല്‍ ഭീഷണി നേരിടുന്ന മാധ്യമം ദിനപത്രത്തിലെ ജേര്‍ണലിസ്റ്റായ കെ.എ.സൈഫുദ്ദീനും ഐക്യദാര്‍ഢ്യവുമായി കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂണിയന്‍(കെ.എന്‍.ഇ.യു).
മാതൃഭൂമിയില്‍ വെച്ച് അഞ്ജന മാനസികമായി പീഡിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്‌തെന്നും രണ്ട് വര്‍ഷമായി തുടരുന്ന മാനസിക പീഡനത്തെത്തുടര്‍ന്ന് അവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നും കെ.എന്‍.ഇ.യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മാതൃഭൂമി പത്രാധിപസമിതി അംഗവും കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിമാരില്‍ ഒരാളുമായ അഞ്ജനയുടെ രാജിക്ക് ഉത്തരവാദി മാതൃഭൂമിയിലെ എച്ച്.ആര്‍ മേധാവിയാണെന്നും കെ.എന്‍.ഇ.യുവിന്റെ പ്രസാതാവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അവര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സഹപ്രവര്‍ത്തകരും യൂണിയനും ഇടപെടാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞ ന്യൂസ്‌പേപ്പര്‍ യൂണിയന്‍ അവര്‍ സ്വീകരിച്ച മൗനം അഞ്ജനയെ പ്രതിയാക്കിയതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു.
അതേസമയം ചെയ്ത ജോലിക്ക് വേതനം ആവശ്യപ്പെട്ട മാധ്യമം ദിനപത്രത്തിലെ ജേര്‍ണലിസ്റ്റ് സൈഫുദ്ദീന്‍ ഇപ്പോള്‍ പിരിച്ചു വിടലിന്റെ വക്കിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ നടപടികള്‍ കേരളത്തിലെ വാര്‍ത്താ വ്യവസായത്തില്‍ രൂപപ്പെട്ടിരിക്കുന്ന മാനസികവും സാമ്പത്തികവുമായ അടിച്ചമര്‍ത്തലിന്റെയും അടിമത്തത്തിന്റെയും ലക്ഷണമായേ കാണാനാവൂ.
മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം കിട്ടുന്നതിനായി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അഭിപ്രായരൂപീകരണത്തിന് ശ്രമിച്ചതിനാണ് മാധ്യമം മാനേജ്‌മെന്റ് സൈഫുദ്ദീനെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇത്തരത്തില്‍ അദ്ദേഹത്തെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്നതിനായി പണ്ട് ഉണ്ടായിരുന്ന പല കേസുകളും പൊടിതട്ടിയെടുത്ത മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളെ യൂണിയന്‍ അപലപിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ സൈഫുദ്ദീനൊപ്പം നിലകൊണ്ടത് ഇന്നത്തെ വാര്‍ത്താവ്യവസായത്തിന്റെ അന്തരീക്ഷത്തില്‍ അഭിമാനം പകരുന്നതാണെന്നും യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ തൊഴിലിടങ്ങളില്‍ നടക്കുന്ന അനീതിക്കെതിരെ പോരാടേണ്ടത് പൊതു സമൂഹത്തിന്റെയും തൊഴിലാളി-ബഹുജന സംഘടനകളുടെയും ബാധ്യതയാണെന്നും കെ.എന്‍.ഇ.യു വിശ്വസിക്കുന്നതായും ഇതിനായി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിക്കുന്നത്.
Content Highlight: K.N.E.U stands in solidarity with journalists in Mathrubhumi and Madhyamam who faced labor harassment