| Friday, 26th November 2021, 11:15 pm

നീതി ആയോഗിന്റെ കണക്കുകള്‍ കേരള വികസന മാതൃകയ്ക്ക് ലഭിച്ച അംഗീകാരം: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള വികസന മാതൃകയ്ക്ക് ലഭിച്ച അംഗീകാരമാണ് നീതി ആയോഗിന്റെ കണക്കുകളെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

ദാരിദ്ര്യവും ദുരിതവും ഇല്ലാതാക്കാന്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നയങ്ങളും പദ്ധതികളും ഏറ്റവും ശരിയായതും ശാസ്ത്രീയവുമാണ് എന്ന് ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ കണ്ടത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിക്കുകയും, ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്ത പൊതു രീതിശാസ്ത്രത്തിലൂടെയാണ് ദാരിദ്ര്യ സൂചിക നിര്‍ണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 ഘടകങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായി ബീഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മാറിയെന്ന് നീതി ആയോഗിന്റെ വെളിപ്പെടുത്തല്‍.

0.71 % ആണ് കേരളത്തിലെ ദാരിദ്ര്യമെങ്കില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബിഹാറില്‍ 51.91ശതമാനം പേര്‍ ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു.

മധ്യപ്രദേശ് 36.65 ശതമാനവുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Finance Minister K.N. Balagopal Says figures of the neethi ayoge are a recognition of the Kerala development model

We use cookies to give you the best possible experience. Learn more