തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണ് എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നതിന് ചില്ലറ ധൈര്യം പോരായെന്നും മന്ത്രി പരിഹസിച്ചു.
ജി.എസ്.ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാനഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രം നല്‍കിവന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ ജൂണില്‍ നിര്‍ത്തലാക്കിയതോടെ പ്രതിവര്‍ഷം 12,000 കോടി രൂപയാണ് സംസ്ഥാന വരുമാനത്തില്‍ ഇടിവുണ്ടാകുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ വന്ന കുറവ് ഏകദേശം 7,000 കോടി രൂപയാണ്. അതായത് പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം കോടി രൂപയുടെ അര്‍ഹമായ വരുമാനമാണ് കേരളത്തിന് നഷ്ടമാകുന്നത്. ഇത് കൂടാതെ സംസ്ഥാനത്തിന്റെ അര്‍ഹമായ കടമെടുപ്പ് പരിധികുറക്കാനും കേന്ദ്രം ശ്രമിക്കുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കേണ്ട നികുതി വരുമാനത്തിന്റെ 1.92 ശതമാനം വിഹിതമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് 3.95 ശതമാനം ഉണ്ടായിരുന്ന വിഹിതമാണ് ഈ നിലയില്‍ വെട്ടിക്കുറച്ചത്. 20,000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവര്‍ഷ നഷ്ടമുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ഈ കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലുള്‍പ്പെടെ അതിശക്തമായി കേന്ദ്ര നയങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിക്കരുത് എന്ന അഭിപ്രായം പരസ്യമായി ഉന്നയിക്കുകയുണ്ടായി. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ത്ത് സംസ്ഥാന സമ്പദ് വ്യവസ്ഥകളെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ട ഘട്ടമാണ്. സാമ്പത്തിക ഫെഡറലിസവും സ്വാശ്രയത്വവും തകര്‍ക്കുന്ന കേന്ദ്ര നയം രാജ്യതാല്‍പര്യത്തിനെതിരാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി താന്‍ കൂടി ജീവിക്കുന്ന സ്വന്തം സംസ്ഥാനത്തിനെതിരെ നുണപ്രചരണം നടത്തുന്നത് ശരിയാണോ എന്ന് ബി.ജെ.പി പ്രസിഡന്റ് പരിശോധിക്കണം എന്നു മാത്രമേ ഈ ഘട്ടത്തില്‍ മിതമായി പറയുന്നുള്ളൂ. ഇത്തരം വാദങ്ങള്‍ ജനങ്ങള്‍ ചിരിച്ചു തള്ളും എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: K.N. Balagopal said that the salary and pension are not stopped because of central assistance