തിരുവനന്തപരം: ഇന്ധന സെസ് ഏര്‍പ്പെടുത്തല്‍ വഴി ലഭിക്കുന്ന പണം സാമൂഹ്യ സുരക്ഷക്കാണ് ഉപയോഗിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നികുതി വര്‍ധനയിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും, അതിന് കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേരള ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് വര്‍ധനയടക്കം വരാനിരിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ട്രഷറി പ്രവര്‍ത്തനവും എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സാമ്പത്തികവര്‍ഷം അവസാനിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികൂലമായ സമീപനങ്ങളുടെയും നടപടികളുടെയും ഫലമായുണ്ടായ സാമ്പത്തിക ഞെരുക്കം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി.
ഏതാണ്ട് 40,000 കോടി രൂപയുടെ കുറവാണ് കേന്ദ്രനിലപാടുകള്‍ മൂലം ഈ സാമ്പത്തികവര്‍ഷം ഉണ്ടായിട്ടുള്ളത്. അതിനെ മറികടന്നുകൊണ്ട് സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ വരവിലും ചെലവിലും നല്ല പ്രകടനമാണ് കേരള സര്‍ക്കാരിന് കാഴ്ചവെക്കാന്‍ കഴിഞ്ഞിരിക്കുന്നത്.
2023 മാര്‍ച്ച് മാസത്തിലെ ചെലവ് മാത്രം 20,000 കോടി രൂപ പിന്നിട്ടു. പദ്ധതി ചെലവ് 90 ശതമാനത്തിലെത്തി. പൊതു ചെലവുകളില്‍ ഒരു കുറവും വരുത്തിയിട്ടില്ല. ശമ്പളം, പെന്‍ഷന്‍, വായ്പാ തിരിച്ചടവ് ഉള്‍പ്പടെ എല്ലാം കൃത്യമായി നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 96 ശതമാനത്തിനും മുകളിലായി. ഒട്ടേറെ പഞ്ചായത്തുകള്‍ 100 ശതമാനത്തിന് മുകളില്‍ ചെലവ് ചെയ്തു. ഒരു തടസ്സവുമില്ലാതെ ട്രഷറികള്‍ പ്രവര്‍ത്തിച്ചു.
ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് തനത് നികുതിയും നികുതിയിതര വരുമാനവും പ്രത്യേകിച്ച് ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി വരുമാനത്തിലുണ്ടായ വര്‍ധനവാണ്.
ഏകദേശം 12,000 കോടി രൂപയുടെ വര്‍ധനവ് തനത് നികുതി വരുമാനത്തില്‍ ഈ വര്‍ഷം ഉണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 23,000 കോടി രൂപയുടെ വര്‍ധനവാണ് തനത് നികുതി വരുമാനത്തില്‍ ഉണ്ടാക്കാനായത്,’ ബാലഗോപാല്‍ പറഞ്ഞു.
Content Highlight: K.N. Balagopal said that the money received through the introduction of fuel cess will be used for social security