| Friday, 27th September 2024, 7:07 pm

അന്‍വറിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ അടച്ചാക്ഷേപിക്കുന്നത്, ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും: കെ.എന്‍ ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും അടച്ചാക്ഷേപിക്കുന്നതെന്ന്‌  ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. അന്‍വറിന്റ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും മാത്രമേ സഹായിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നവരുടെ ആയുധമാവുകയാണ് അന്‍വര്‍ എന്നും കെ.എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

‘അന്‍വര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ സാധാരണ ഗതിയില്‍ ചെയ്യാവുന്നത് പാര്‍ട്ടിക്കും ഗവണ്‍മെന്റിനും നല്‍കിയ പരാതികള്‍ അന്വേഷിക്കുക എന്നതാണ്. അതില്‍ അന്‍വര്‍ ഉദ്ദേശിക്കുന്നത് പോലെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വരുന്നതോ മറ്റുള്ളവര്‍ കരുതുന്നത് പോലെയോ അല്ല സംഭവിക്കുക. ഓരോ സിസ്റ്റത്തിനെയും സമ്പ്രദായത്തിനെയും അനുസരിച്ചാണ് നടപടികള്‍ ഉണ്ടാവുക. ഇത്തരത്തില്‍ അന്വേഷണം ഉണ്ടാവുമെന്ന് പറഞ്ഞിട്ടും അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു ഇന്നലെത്തെ അന്‍വറിന്റെ പത്രസമ്മേളനം. ഇങ്ങനെ ചെയ്യുന്നത് നീതിയും ന്യായവുമില്ലാത്ത അന്വേഷണമാണ് നടക്കുന്നത് എന്ന തരത്തിലാണ് വരുന്നത്. അതുകൊണ്ട് അന്‍വര്‍ ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമല്ല,’ മന്ത്രി പറഞ്ഞു.

‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ മുന്നണിക്കെതിരായി പരാമര്‍ശങ്ങള്‍ നടത്തുന്നത് മുന്നണിയെയും സി.പി.ഐ.എമ്മിനെയും സര്‍ക്കാരിനെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പറയരുത്. അത് സഹായിക്കുന്നത് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയുമാണ്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും മാത്രമേ സഹായിക്കുകയുള്ളൂ, മന്ത്രി കൂട്ടിച്ചേര്‍ത്തു.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം. വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ ആരും എതിരല്ല. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യോജിക്കാതെ വസ്തുകളുടെ അടിസ്ഥാനത്തില്ലാതെ താന്‍ പറയുന്നത് മാത്രമാണ് വസ്തുത എന്ന് പറയുന്നതില്‍ യോജിക്കാന്‍ കഴിയില്ല കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Content Highlight: K N BALAGOPAL ABOUT P V ANWAR’S  STATEMENTS

We use cookies to give you the best possible experience. Learn more