| Saturday, 17th August 2019, 8:36 am

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍ അടിയന്തര ആവശ്യമെന്ന് കെ.എന്‍.എ ഖാദര്‍; 'റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരു പാര്‍ട്ടിക്കും താല്‍പര്യമില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം, നിലമ്പൂര്‍ ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലുകളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ത്തി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍ അടിയന്തര ആവശ്യമെന്നാണ് വേങ്ങര എം.എല്‍.എയുടെ പ്രതികരണം.

റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താല്‍പര്യമില്ലെന്ന് അദ്ദേഹം ആരോപിച്ചു. പരിഹാര നടപടി ഉണ്ടായില്ലെങ്കില്‍ കണ്ണമംഗലം പഞ്ചായത്തിലെ ക്വാറികളോട് ചേര്‍ന്നാണ് മലപ്പുറം ജില്ലയിലെ അടുത്ത വലിയ ദുരന്തം ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന നിലപാട് സ്വീകരിച്ച ജനപ്രതിനിധി പി.ടി തോമസ് എം.എല്‍എ ആയിരുന്നു. ഇപ്പോള്‍ മറ്റൊരു ജനപ്രതിനിധി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായിരിക്കുന്നു; പി.ടി തോമസ്

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക തന്നെ വേണമെന്ന് വീണ്ടും ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായിരിക്കുന്നുവെന്ന് പി.ടി തോമസ് പറഞ്ഞു. ആഗസ്ത് 16ന് മാതൃഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പി.ടി തോമസ് തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്.

പരിസ്ഥിതിദുര്‍ബല പ്രദേശം എന്ന നിര്‍വചനം എങ്ങനെ മറികടക്കാമെന്നാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും ആലോചിച്ചത്. സത്യം പറഞ്ഞപ്പോള്‍ പാര്‍ട്ടിയോ നേതൃത്വമോ എനിക്കൊപ്പം നിന്നില്ല. സിറ്റിംഗ് എം.പിയായിട്ടും ഇടുക്കിയില്‍ സീറ്റ് നിഷേധിച്ചു. ഈയടുത്തും നിയമസഭയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും പി.ടി തോമസ് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അത്ര എളുപ്പമാണോ എന്ന ചോദ്യത്തിന് പി.ടി തോമസിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഗവ. ഉത്തരവിറക്കി ഉരുള്‍പൊട്ടല്‍ തടയാന്‍ പറ്റുമോ?.ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ഇതിനായി ഒരു കമ്മറ്റിയെ നിയോഗിക്കണം. ജനങ്ങളെ ബോധവത്കരിക്കണം- പി.ടി തോമസ് പറഞ്ഞു.

പാറ പൊട്ടിക്കരുതെന്നല്ല പറഞ്ഞത്. ഇത്രയളവ് പൊട്ടിക്കാമെന്നൊക്കെ കര്‍ശന നിബന്ധനകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അത് കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടത്. നദീതീരങ്ങള്‍ കൈയ്യേറുന്നത് തടയണം. താഴ്ചപ്രദേശങ്ങളില്‍ വെള്ളം കയറിയതിന് നല്‍കുന്ന നഷ്ടപരിഹാര തുക മതി അവരെ പുനരധിവസിപ്പിക്കാന്‍. കഴിഞ്ഞ പ്രളയത്തിന് ശേഷം 6000 കോടിയോളം കിട്ടിയെന്നാണ് പറയുന്നത്. 50,000 പേരെയെങ്കിലും പുനരധിവസിപ്പിക്കാന്‍ കഴിയുമായിരുന്നു. അനധികൃത പട്ടയങ്ങള്‍ ക്രമീകരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

We use cookies to give you the best possible experience. Learn more