| Friday, 21st May 2021, 12:47 pm

ഒരു ചുമതലയും വേണ്ട, കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം; മാറിത്തരാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഇന്നല്ലെങ്കില്‍ നാളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും ഹൈക്കമാന്റാണ് അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നുവെന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

‘പരാജയത്തിന് കാരണം പാര്‍ട്ടിയ്ക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറിത്തരാന്‍ തയ്യാറാണ്’, മുരളീധരന്‍ പറഞ്ഞു.

കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് മുക്ത കേരളമാക്കാന്‍ മോദി വിചാരിച്ചാല്‍ നടക്കില്ലെന്നും പിന്നല്ലേ പിണറായിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായാല്‍ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യം ശക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു.

യു.ഡി.എഫ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും വി.ഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

ഇതിനിടെ, കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെയും യു.ഡി.എഫ് കണ്‍വീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: K Muralidharan Talks About Opposition Leader Selection  In Congress

We use cookies to give you the best possible experience. Learn more