തിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതില്‍ പരസ്യവിമര്‍ശനവുമായി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെ പട്ടികയെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. കൂടുതല്‍ ജനകീയമായ മുഖമാണ് ഈ പുനസംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടായതെന്ന് മുരളീധരന്‍ പറഞ്ഞു.
നേരത്തെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചവരും പ്രാദേശിക നേതാക്കളായി സജീവമായി പ്രവര്‍ത്തിക്കുന്നവരുമാണ് സ്ഥാനത്തേക്ക് വന്നിരിക്കുന്നതെന്നും അഴിച്ചുപണി നടന്നത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പോലെ വിശാലമായ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണയാണെന്നും അസ്വാരസ്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും ഗ്രൂപ്പുകളുണ്ടെന്നും പാര്‍ട്ടിയില്‍ തിരിച്ചുവന്നതിന് ശേഷം താന്‍ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ലെന്നും പറഞ്ഞ മുരളീധരന്‍ ഗ്രൂപ്പ് മാനദണ്ഡമാക്കിയിട്ടില്ല ഇപ്രാവശ്യം അധ്യക്ഷസ്ഥാനത്തേക്ക് നേതാക്കളെ തെരഞ്ഞെടുത്തതെന്നും പറഞ്ഞു.
ഇപ്രാവശ്യം ചര്‍ച്ചകള്‍ കൂടുതലായി നടന്നിട്ടുണ്ടെന്നും മുന്‍പത്തെ പോലെ പത്രം വായിച്ചു കാര്യങ്ങളറിയേണ്ട അവസ്ഥയുണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് നിരന്തരം വിളിച്ചു സംസാരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും രാഹുല്‍ ഗാന്ധി നിര്‍ദേശങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പട്ടിക പുറത്തുവന്നതിന് പിന്നാലെ ദൗര്‍ഭാഗ്യകരമായ ചില പരസ്യപ്രതികരണങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രത്തില്‍ ആദ്യമായി രണ്ട് പരാജയങ്ങള്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നു, 2016ലും 2021ലും. ഇതിന്റെ വെളിച്ചത്തില്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പട്ടികയെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചിരുന്നത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് പുറത്തുവിട്ടത്.
അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ അനുയായികളെ സ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും ഇഷ്ടക്കാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇരു നേതാക്കളുടെയും ഇഷ്ടക്കാരെ പട്ടികയില്‍ തിരുകി കയറ്റിയെന്ന് ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കള്‍ ഭാരവാഹി പട്ടികയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.