| Saturday, 9th April 2022, 11:27 am

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് ജയിക്കുന്നവര്‍ ഓടുപൊളിച്ചെത്തുന്നവരല്ല; കെ.വി. തോമസ് ഇങ്ങനെയൊരു വേഷം കെട്ടണോ: കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.വി. തോമസ് കോണ്‍ഗ്രസിന് ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണുന്നില്ലെന്ന് കെ. മുരളീധരന്‍ എം.പി. എന്നാല്‍ ഈയൊരവസ്ഥയില്‍ ഇങ്ങനൊരു വേഷം കെട്ടണോയെന്നും മുരളീധരന്‍ ചോദിച്ചു.

എ.ഐ.സി.സി അംഗത്തിനെതിരെ നടപടിയെടുക്കാനുള്ള അധികാരം ഹൈക്കമാന്റിനാണ്. സ്വാഭാവികമായും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം നേതൃത്വം അംഗീകരിക്കുകയാണ് പതിവ്. നടപടികളെകുറിച്ച് കെ.വി. തോമസിന്റെ സി.പി.ഐ.എം സെമിനാറിലെ പ്രസംഗം കൂടി കഴിഞ്ഞിട്ട് തീരുമാനിക്കുന്നതാണ് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.

‘കെ.വി. തോമസ് പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണുന്നില്ല. ഇന്നലെവരെ കൂടെ നിന്നൊരു സഹപ്രവര്‍ത്തകന്‍ വിട്ടുപോകുമ്പോള്‍ സ്വാഭാവികമായും പ്രയാസമുണ്ടാകും. ഒരാളെ അടച്ച് ആക്ഷേപിക്കുന്ന രീതിയോട് യോജിക്കുന്നില്ല. അദ്ദേഹം അഞ്ചുതവണ എം.പിയായി എന്നത് ശരിയാണ്, ജനങ്ങള്‍ കൂടി തെരഞ്ഞെടുത്തതുകൊണ്ട് കൂടിയാണ് ജനപ്രതിനിധിയായത്.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് ജയിക്കുന്നവര്‍ ഓടുപൊളിച്ചെത്തുന്നവരല്ല. രാജ്യസഭയില്‍ വേണമെങ്കില്‍ എം.എല്‍.എമാരുടെ ഭൂരിപക്ഷം അനുസരിച്ച് ജയിക്കാം. ലോകസഭയിലക്കും നിയമസഭയിലേക്കുമുള്ള ജയം ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. രാഷ്ട്രീയം തുടങ്ങിയ അന്നുമുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന നേതാവാണ് കെ.വി. തോമസ്. ഈയൊരവസ്ഥയില്‍ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് കെ.വി. തോമസാണ് തീരുമാനിക്കേണ്ടത്,’ കെ. മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച കെ.വി. തോമസിനെതിരെയുള്ള നടപടിയെക്കുറിച്ച് നിര്‍ദേശം നല്‍കേണ്ടത് കെ.പി.സി.സിയാണെന്ന് കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകീട്ടാണ് കെ.വി. തോമസ് പങ്കെടുക്കുന്ന സെമിനാര്‍ കണ്ണൂരില്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ.വി. തോമസ് വേദി പങ്കിടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെത്തിയ കെ.വി. തോമസിന് ചുവപ്പ് ഷാള്‍ അണിയിച്ചാണ് സി.പി.ഐ.എം നേതൃത്വം സ്വീകരണം നല്‍കിയത്.

Content Highlights: K Muralidharan says about KV Thomas

We use cookies to give you the best possible experience. Learn more