| Wednesday, 23rd November 2022, 11:01 am

മെസിക്ക് പറ്റിയത് സംഭവിക്കും, തലയില്‍ മുണ്ടിടേണ്ടിവരും; തരൂരിനുള്ള പിന്തുണ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുതെന്ന് സതീശനോട് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം എം.പി ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തരൂരിന്റെ പിന്തുണ ആരും അണ്ടറെസ്റ്റിമേറ്റ് ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ കഴിഞ്ഞ ദിവസം മെസിക്ക് പറ്റിയത് പറ്റുമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരിന്റ മൂന്ന് ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘തരൂരിന് കേരളത്തില്‍ നല്ല സ്പേസ് ഉണ്ട്. മലബാറിലെ ജില്ലകളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ യാതൊരുവിധ വിഭാഗീയതയുമില്ല. തരൂര്‍ പങ്കെടുത്തതെല്ലാം പൊതുവേദികളിലെ ചടങ്ങിലാണ്. എം.പിമാര്‍ക്ക് എല്ലാ പൊതുവേദികളിലും പങ്കെടുക്കാനുള്ള അവകാശം ഉണ്ട്. പെരിന്തല്‍മണ്ണയില്‍ അദ്ദേഹം പങ്കെടുത്തത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥികളുമായുള്ള സംവാദം പരിപാടിയിലാണ്. സംഘാടകനായ യു.ഡി.എഫ് എം.എല്‍.എ വിളിച്ചിട്ടാണ് അദ്ദേഹം അവിടെ പോയത്.

ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റും. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ,’ മുരളീധരന്‍ പറഞ്ഞു.

എല്ലാവരും ബൂത്ത് തലത്തില്‍ നിന്നുവരണമെന്നില്ലെന്നും അത് നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും കാലത്തുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എം.പിക്ക് ആവശ്യപ്പെടാം. അതില്‍ തീരുമാനമെടുക്കേണ്ടത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം എനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ടെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, മലബാറില്‍ പര്യടനം നടത്തുന്നതിനിടെ ശശി തരൂരിന് ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ സമാന്തരപ്രവര്‍ത്തനം ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സതീശന്റെ മുന്നറിയിപ്പ്.

എല്ലാവരോടും സംസാരിക്കും. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ അത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: K. Muralidharan responded to Leader of the Opposition  V.D. Satheesan’s stand against Shashi Tharoor

We use cookies to give you the best possible experience. Learn more