കോഴിക്കോട്: തിരുവനന്തപുരം എം.പി ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തരൂരിന്റെ പിന്തുണ ആരും അണ്ടറെസ്റ്റിമേറ്റ് ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ കഴിഞ്ഞ ദിവസം മെസിക്ക് പറ്റിയത് പറ്റുമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിന്റ മൂന്ന് ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
‘തരൂരിന് കേരളത്തില്‍ നല്ല സ്പേസ് ഉണ്ട്. മലബാറിലെ ജില്ലകളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ യാതൊരുവിധ വിഭാഗീയതയുമില്ല. തരൂര്‍ പങ്കെടുത്തതെല്ലാം പൊതുവേദികളിലെ ചടങ്ങിലാണ്. എം.പിമാര്‍ക്ക് എല്ലാ പൊതുവേദികളിലും പങ്കെടുക്കാനുള്ള അവകാശം ഉണ്ട്. പെരിന്തല്‍മണ്ണയില്‍ അദ്ദേഹം പങ്കെടുത്തത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥികളുമായുള്ള സംവാദം പരിപാടിയിലാണ്. സംഘാടകനായ യു.ഡി.എഫ് എം.എല്‍.എ വിളിച്ചിട്ടാണ് അദ്ദേഹം അവിടെ പോയത്.
ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റും. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ,’ മുരളീധരന്‍ പറഞ്ഞു.
എല്ലാവരും ബൂത്ത് തലത്തില്‍ നിന്നുവരണമെന്നില്ലെന്നും അത് നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും കാലത്തുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.