തന്റെമേല്‍ കുതിര കയറുന്നത് പിണറായിയെ പേടിക്കുന്നവര്‍; രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി മുരളീധരന്‍
Daily News
തന്റെമേല്‍ കുതിര കയറുന്നത് പിണറായിയെ പേടിക്കുന്നവര്‍; രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2016, 6:43 pm

muraleedharan-rajmohan


തന്റെമേല്‍ കുതിരകയറുന്നത് പിണറായി വിജയനെതിരെ പറയാന്‍ പേടിക്കുന്നവരാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 


കൊല്ലം: കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന താന്‍ സ്ഥിരം പ്രശ്‌നക്കാരനായി മാറിക്കൊണ്ടിരിക്കുകയാണെന്ന കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്തന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ. മുരളീധരന്‍ എം.എല്‍.എ.

യോഗ്യത ഇല്ലാത്തവരുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തന്റെമേല്‍ കുതിരകയറുന്നത് പിണറായി വിജയനെതിരെ പറയാന്‍ പേടിക്കുന്നവരാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രീയ എതിരാളികളുടെ കയ്യില്‍ ആയുധം വെച്ചുകൊടുക്കുന്ന മുരളീധരന്റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയാണ് മുരളീധരനെന്നും ഉണ്ണിത്താന്‍ പരിഹസിച്ചിരുന്നു.


കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നു പറഞ്ഞാണ് മുരളീധരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും നിലപാടു സ്വീകരിച്ചപ്പോള്‍ വി.എം സുധീരന്‍ മുരളിയെ ശക്തമായി പിന്തുണച്ചു. പാലുകൊടുത്ത കയ്യില്‍ കൊത്തുന്നതു ശൈലിയാണ് മുരളി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

വിഷയത്തില്‍ കെ. മുരളീധരനെ വിമര്‍ശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മിതത്വം പാലിക്കണമെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തിന് പരിമിതികളുണ്ടെന്നും സതീശന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ തുടക്കത്തില്‍ ശക്തമായ സമരം വേണ്ടെന്നായിരുന്നു തീരുമാനം. പാര്‍ട്ടി കൂടുതല്‍ നന്നാകണമെന്നാണ് മുരളീധരന്റെ ആഗ്രഹമെന്ന് കരുതുന്നുവെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.


കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി.പി.ഐ.എം തന്നെ എന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കെ.പി.സി.സി നേതൃത്വം പരാജയപ്പെട്ടു. പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.