| Wednesday, 13th January 2021, 7:52 am

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; ഭൂരിപക്ഷം കിട്ടിയാല്‍ കൂടുതല്‍ എം.എല്‍.എമാര്‍ പിന്തുണയ്ക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്ന് മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയേയും പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണെന്നും ഭൂരിപക്ഷം കിട്ടിയാല്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണയുള്ളയാളെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയ്ക്ക് പുറത്ത് പ്രചരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ ബന്ധം കൂട്ടായി ചര്‍ച്ച നടത്തി തീരുമാനിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ തദ്ദേശതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ടെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായിട്ടുള്ള വിമര്‍ശനം നടത്തുന്നതില്‍ മുന്നണിക്ക് തെറ്റുപറ്റിയെന്നും മുരളീധരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ലൈഫ് പദ്ധതിയിക്കെതിരായ യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ലൈഫിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പകരം അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

‘വെറും സ്വര്‍ണവും സ്വപ്നയും മാത്രമല്ല. സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതകള്‍ അടിസ്ഥാനമാക്കി സ്ഥാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. സര്‍ക്കാരിന്റെ ഇത്രയും കാലത്തെ നേട്ടം എന്ന് പറയുന്നത് ഒരു ലൈഫ് പദ്ധതിയോ മറ്റോ ആണ്. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആ പദ്ധതിക്കെതിരായ നിലപാടും മുന്നണിക്ക് തിരിച്ചടിയായി.

യു.ഡി.എഫ് സാധാരണ ചെയ്യുന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് തുടരുക എന്നതാണ്. 2006 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് രൂപീകരിച്ചത്. യു.ഡി.എഫ് വന്നപ്പോള്‍ ആ പദ്ധതികള്‍ അതേപടി നടപ്പാക്കുകയുണ്ടായി. പദ്ധതി കൂടുതല്‍ വ്യാപിപ്പിച്ചു.

ഇവിടെ ലൈഫ് എന്ന തീമിനോടല്ല ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒന്ന് ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തുകളുടെ റോളുകള്‍ വളരെ കുറവായിരുന്നു. രണ്ട് അതിലെ അഴിമതി. അതാണ് വടക്കാഞ്ചേരി പ്രൊജക്ടിലെ അഴിമതി. അല്ലാതെ ലൈഫ് എന്ന പദ്ധതിയെ മൊത്തത്തില്‍ ഒരിക്കലും യു.ഡി.എഫ് തള്ളിപ്പറഞ്ഞിട്ടില്ല.

എന്നാല്‍ യു.ഡി.എഫിന്റെ ചില നേതാക്കളുടെ പ്രസ്താവനകള്‍, അതായത് ഞങ്ങള്‍ വന്നാല്‍ ലൈഫ് നിര്‍ത്തും എന്നൊക്കെയുള്ളത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. സത്യത്തില്‍ യു.ഡി.എഫ് ഉദ്ദേശിച്ചത് അതിലെ അഴിമതിയാണ്. ലൈഫിലെ അഴിമതിയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുക, ദോഷവശങ്ങള്‍ തള്ളിക്കളയുക അതാണ് യു.ഡി.എഫിന്റെ നയം. എന്നാല്‍ അതിന് സാധിച്ചില്ല. അതാണ് ഒന്നാമത്തെ തെറ്റ്’, മുരളീധരന്‍ പറയുന്നു.

മറ്റൊന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ ധാരണയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടായ ധാരണയെ എല്‍.ഡി.എഫ് വര്‍ഗീയമായി പ്രചരിപ്പിക്കുകയും അതേസമയം എസ്.ഡി.പി.ഐയുടെ അടക്കം വോട്ടുകള്‍ അവര്‍ വാങ്ങിയെടുത്തെന്നും മുരളീധരന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muralidharan Oommen Chandy Ramesh Chennithala Kerala Election 2021

Latest Stories

We use cookies to give you the best possible experience. Learn more