തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എ.കെ. ബാലനെ പരിഹസിച്ച് കെ. മുരളീധരന്‍. മുന്‍ എം.എല്‍.എ കെ. കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസില്‍ ആര്യാടന്‍ മുഹമ്മദിനെ വെറുതെവിട്ട കാര്യം എ.കെ. ബാലന് അറിയില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആര്യാടന്‍ മുഹമ്മദിനെ വരെ തങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടെന്ന എ.കെ. ബാലന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു വിമര്‍ശനം.
കുഞ്ഞാലിയുടെ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടന്‍ മുഹമ്മദ് എല്‍.ഡി.എഫിലേക്ക് വന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് ആര്യാടനെ മത്സരിപ്പിച്ചതെന്നും എ.കെ. ബാലന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ പരാമര്‍ശത്തിനെതിരെയാണ് കെ. മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്. എ.കെ. ബാലന്റെ പരാമര്‍ശത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മുരളീധരന്‍ പറയുകയുണ്ടായി.
‘കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസില്‍ ആര്യാടനെ വെറുതെവിട്ട കാര്യം ബാലനറിയില്ല. ബാലന്‍ ഒരു വക്കീല്‍ ആകാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ സൈക്കിള്‍ ഇടിച്ച കേസാണ് അദ്ദേഹം വാദിക്കുന്നതെങ്കില്‍ പ്രതിയെ കോടതി തൂക്കി കൊല്ലാന്‍ വിധിച്ചേനെ. കൂടുതലൊന്നും എനിക്ക് പറയാനില്ല,’ എന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്.
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു എ.കെ. ബാലന്റെ പരാമര്‍ശം. പാലക്കാട് കോണ്‍ഗ്രസ്-ബി.ജെ.പി ഡീലുണ്ടെന്നും എ.കെ. ബാലന്‍ ആരോപിച്ചിരുന്നു. വടകരയില്‍ എന്ത് ഡീലാണോ നടന്നത് അത് തന്നെയാണ് പാലക്കാട് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വടകരയിലെ ബി.ജെ.പിക്കാര്‍ ഷാഫി പറമ്പിലിന് വോട്ട് നല്‍കിയെന്നും പാലക്കാടും സമാനമായി വോട്ട് മറിയുണ്ടാകുമെന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ട പി. സരിന്‍ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണെന്നും അത് പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Content Highlight: K. Muralidharan mocking AK Balan