കോഴിക്കോട്: ബി.ജെ.പി ഓഫീസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തപ്പോഴുണ്ടായതെന്ന് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. കേരളത്തിന് അനുവദിച്ച വന്ദേഭാരതില്‍ ബി.ജെ.പി തരംതാണ രാഷ്ട്രീയ കളി നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന യാത്ര മറ്റ് ട്രെയിനുകളെ വൈകിപ്പിച്ചെന്നും അദ്ദേഹം കൂറ്റപ്പെടുത്തി. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലുണ്ടായ അനുഭവമാണ് കെ. മുരളീധരന്‍ പങ്കുവെച്ചത്.
‘ബി.ജെ.പി ഓഫീസില്‍ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോള്‍. സത്യത്തില്‍ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.
ഉദ്ഘാടന യാത്ര മറ്റ് ട്രെയിനുകളെ വൈകിപ്പിച്ചു.
വന്ദേഭാരതിനായി എല്ലാ എം.പിമാരും കൂട്ടായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവരുടേതായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പക്ഷെ, കൊടിയും പിടിച്ചു ബി.ജെ.പിക്കാര്‍ ട്രെയിനില്‍ കയറി അവരുടെ നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിച്ചത് ദൗര്‍ഭാഗ്യകരമാണ്. മേലാല്‍ ഇത് ആവര്‍ത്തിക്കരുത്,’ കെ. മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന് വേണ്ടി പത്ത് മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിര്‍ത്തിയെന്നും അദ്ദേഹമാണ് അനാവശ്യമായി ഈ ആഘോഷത്തിന് നേതൃത്വം നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
‘വി. മുരളീധരനാണ് ഇതിന് ഒക്കെ നേതൃത്വം നല്‍കിയത്. കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. മത്സരിക്കുന്നവര്‍ക്ക് ജയിക്കുമോ തോക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടാകും. അങ്ങനത്തെ ടെന്‍ഷന്‍ പോലും വി. മുരളീധരന് ഉണ്ടാകാന്‍ ഇടയില്ല. കേരളത്തിന് വല്ലതും അനുവദിക്കുമ്പോള്‍ ഞാന്‍ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരന്‍. ഇരിക്കുന്ന പദവിയില്‍ ഒരു മാന്യതയും ഇല്ലാത്ത ആള്‍,’ കെ. മുരളീധരന്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണെന്നും കാസര്‍ഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പിമാരുടെ സമ്മര്‍ദം ഫലം ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു. ആദ്യ വന്ദേഭാരതിന്റെ വരുമാനം വര്‍ധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാന്‍ കാരണമായിയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: K. Muralidharan Experience about when he participated in the inauguration of Vande Bharat