| Tuesday, 9th May 2023, 9:09 pm

ഡി.വൈ.എഫ്.ഐ പരിപാടിയില്‍ സംവദിക്കാന്‍ കെ.മുരളീധരനും കുഞ്ഞാലിക്കുട്ടിയും; പങ്കെടുക്കുന്നത് യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും.

അതേസമയം വിവിധ കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തികളെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമാണിതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മനോരമ ന്യൂസിനോട് പറഞ്ഞു.

‘ നമ്മുടെ ഇന്ത്യന്‍ സാഹചര്യത്തില്‍ വൈവിധ്യങ്ങള്‍ എല്ലാം അട്ടിമറിച്ച് വളരെ ഏകപക്ഷീയമായിട്ടുള്ള സാംസ്‌കാരിക രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന സംഘപരിവാറിന്റെ ഒരു നീക്കമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ വിവിധ കാഴ്ചപ്പാടുകളുള്ള ആളുകളെ ജനാധിപത്യപരമായ സംവാദത്തിന്റെ വേദികളില്‍ അണിനിരത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ ജനാധിപത്യം ആശങ്കകള്‍, പ്രതീക്ഷകള്‍’ എന്ന വിഷയത്തിലുള്ള സംവാദത്തിലാണ് ഇരു നേതാക്കളും പങ്കെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ടി.എം. ഹര്‍ഷന്‍ മോഡറേറ്ററാകുന്ന സംവാദത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കുന്നുണ്ട്.

കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങി നിരവധി മേഖലകളിലുള്ളവരാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

ഈ മാസം 12ന് തുടങ്ങുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 12 മുതല്‍ 14 വരെ കൊച്ചിയിലാണ് ഫെസ്റ്റിവലില്‍ നടക്കുന്നത്.

content highlight: K. Muralidharan and Kunhalikutty to participate in Youth Literature Festival; DYFI says it is part of mobilizing people with different perspectives

We use cookies to give you the best possible experience. Learn more