തിരുവനന്തപുരം: തങ്ങളേക്കാള്‍ ദുഷ്ടരായ മൃഗങ്ങള്‍ സെക്രട്ടേറിയേറ്റിലിരിക്കുന്നത് കൊണ്ടാണ് കാട്ടുപോത്ത് വരെ നാട്ടിലിറങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി. സംസ്ഥാന സര്‍ക്കാരിനെതിരായ യു.ഡി.എഫിന്റെ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ. ശശീന്ദ്രന്‍ വനംവകുപ്പ് മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെയാണ് വന്യമൃഗങ്ങള്‍ ഈ തരത്തില്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയതെന്നും അദ്ദേഹവും മൃഗങ്ങളും തമ്മില്‍ അത്ര നല്ല ബന്ധമല്ലെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.
‘കാട്ടിലെ മൃഗങ്ങള്‍ ഇപ്പോള്‍ നാട്ടിലേക്ക് കയറി വരികയാണ്. എന്താണ് കാരണം?, അവര്‍ ആലോചിക്കുമ്പോള്‍, അവരേക്കാള്‍ ദുഷ്ടരായ മൃഗങ്ങള്‍ സെക്രട്ടേറിയേറ്റില്‍ ഉണ്ട്. അതു കൊണ്ട് തന്നെ ആന,പുലി, സിഹം അവസാനം കാട്ടുപോത്ത് വരെ നാട്ടിലിറങ്ങാന്‍ തുടങ്ങി. കാട്ടുപോത്ത് വന്നതോടെ നാട്ടുപോത്തിന് വിലയില്ലാതായി. ഇന്നലെ ഒരു ദിവസം മാത്രം രണ്ട് പേരെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. ചടയമംഗലം ടൗണില്‍വരെ കാട്ടുപോത്തുണ്ട്. നമ്മുടെ വനം മന്ത്രിക്ക് ഒരു കുഴപ്പമുണ്ട്. അദ്ദേഹം ഈ വകുപ്പ് ഏറ്റെടുത്തതോടെയാണ് മൃഗങ്ങല്‍ നാട്ടിലിറങ്ങിത്തുടങ്ങിയത്.
മൃഗങ്ങളും അദ്ദേഹവും തമ്മില്‍ അത്ര നല്ല ബന്ധമല്ല. അതിന്റെ ദോഷമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത്. അരിക്കൊമ്പന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നത്, തങ്ങളുടെ കൈയില്‍ മയക്കുവെടിയുണ്ട്, നാല് മയക്കുവെടി ഒറ്റയടിക്ക് വെക്കും എന്നൊക്കെയാണ്. പി.ടി.സെവന്‍ എന്ന ആനയിറങ്ങിയ സ്ഥലത്ത് പോയി മന്ത്രി പറഞ്ഞത് മയക്കുവെടി വെക്കുന്ന സംഘം വയനാട്ടില്‍ പോയതാണെന്നാണ്. വയനാട്ടില്‍ പോയി പറഞ്ഞത് പി.ടി.സെവനെ പിടിക്കാന്‍ പോയതാണ് എന്നാണ്. സത്യത്തില്‍ രണ്ട് സ്ഥലത്തും മയക്കുവെടിയും ഫോറസ്റ്റുകാരുമില്ലായിരുന്നു, കെ.മുരളീധരന്‍ പറഞ്ഞു.
എ.ഐ.ക്യാമറയുടെ പേരില്‍ വലിയ അഴിമതിയാണ് നടന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു. ക്യാമറ വെച്ച് കക്കുകയും അതിന്റെ പേരില്‍ കമ്മീഷനടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടെ വെയിലിന്റെ സ്ഥാനത്ത് മഴയും മഴക്കാലത്ത് വെയിലുമാണ്. കാലാവസ്ഥയും പ്രകൃതിയും വന്യമൃഗങ്ങളും വരെ സര്‍ക്കാറിനെതിരാണെന്നും തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം പറഞ്ഞു.
‘ഇനി നമ്മുടെ പ്രകൃതിയുടെ കാര്യം നോക്കുകയാണെങ്കില്‍ വേനല്‍ മഴ പെയ്തില്ല. കാലവര്‍ഷത്തിന്റെ സമയത്ത് ഭൂമി വറ്റി വരളുന്നു. അതുപോലെ ചൂടു കാലത്ത് പേമാരി പെയ്യുന്നു. രാമയണം നോക്കുകയാണെങ്കില്‍ രാവണന്‍ ജനിക്കുന്നതിനു മുമ്പ് പശുക്കളെല്ലാം പാലിനു പകരം ചോരയാണെത്രെ ചുരത്തിയിരുന്നത്. അപ്പോള്‍ മഹര്‍ഷിമാരെല്ലാം പറഞ്ഞു ദുഷ്ട ജന്മമാണ് ജനിക്കാന്‍ പോകുന്നതെന്ന്. അതുകൊണ്ടാണ് പശുക്കളെല്ലാം പാലിനു പകരം ചോര ചുരത്തുന്നതെന്ന്. പിണറായി വന്നപ്പോള്‍ വെയിലിന്റെ സ്ഥാനത്ത് പെരുമഴ, മഴയുടെ സ്ഥാനത്ത് കടുത്ത വെയില്‍. കാലാവസ്ഥയും വന്യമൃഗങ്ങളും വരെ സര്‍ക്കാരിനെതരാണ്. പിന്നെ എന്ത് നേട്ടമാണ് ഈ സര്‍ക്കാരിനെ കുറിച്ച് പറയുവാനുള്ളത്. ഇനി ക്യാമറയെ കുറിച്ച് പറയുകയാണെങ്കില്‍, സാധരണ നമ്മള്‍ ക്യാമറ വെക്കുന്നത് കള്ളനെ കണ്ടുപിടിക്കാന്‍ അല്ലേ. എ.ഐ. ക്യാമറ വിഷയത്തില്‍ ക്യാമറ വെച്ച് കക്കുക എന്നിട്ട് അതിന്റെ പേരില്‍ കമ്മീഷനടിക്കുകയുമാണ് നടക്കുന്നത്,’ മുരളീധരന്‍ പറഞ്ഞു.
content highlights; K. Muralidharan against Pinarayi Vijayan and AK Sasindran