തിരുവനന്തപുരം: പാര്‍ട്ടി പുന:സംഘടനയില്‍ പ്രതികരണവുമായി കെ. മുരളീധരന്‍. കോണ്‍ഗ്രസിനെ ചിലര്‍ ചേര്‍ന്ന് വീണ്ടും ഐ.സി.യുവിലാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനമാനങ്ങള്‍ വീതം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ.സി.യുവിലായിരുന്ന കോണ്‍ഗ്രസിനെ പൂര്‍ണ ആരോഗ്യത്തോടെയാണ് തൃക്കാക്കരയിലെത്തിച്ചത്. അത് പിന്നേയും ഐ.സി.യുവിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങളാണ് ചില ഭാഗത്തു നിന്നും കാണുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
‘കഴിഞ്ഞ നിയമസഭാ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതം വെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
25 ശതമാനം പുതിയ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്.
28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ആണ് ധാരണയായത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.
280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മാറ്റം വരുത്തിയത്.
Content highlight: K muraleedharn says that some are tryuing to bring back congress party to icu