'യു.ഡി.എഫിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട'; വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ലെന്നാവര്‍ത്തിച്ച് കെ. മുരളീധരന്‍
Kerala News
'യു.ഡി.എഫിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട'; വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ലെന്നാവര്‍ത്തിച്ച് കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st December 2020, 1:11 pm

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയെ മനസിലാക്കാന്‍ യു.ഡി.എഫിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് കെ. മുരളീധരന്‍ എം. പി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കുന്നത് ലീഗിന്റെയും യു.ഡി.എഫിന്റെയും അടിത്തറ ഇളക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വെല്‍ഫെയര്‍ പാര്‍ട്ടിയെ മനസിലാക്കാന്‍ മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റൊന്നും യു.ഡി.എഫിന് വേണ്ട. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന ബോധ്യം യു.ഡി.എഫിനുണ്ട്,’ മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫ് സംസ്ഥാന തലത്തില്‍ അറിഞ്ഞു കൊണ്ടാണ് ഇത്തരത്തിലൊരു നീക്കുപോക്കിന് തയ്യാറായതെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം യു.ഡി.എഫിന് മികച്ച വിജയം ഉണ്ടാക്കി തരുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പോളിംഗ് ശതമാനം ഉയരുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തോല്‍വി ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഒരാള്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അത് താനടങ്ങുന്ന നേതൃത്വത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരടങ്ങുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു നീക്കുപോക്കും യു.ഡി.എഫിനില്ലെന്ന് ആവര്‍ത്തിച്ചപ്പോഴും മുരളീധരന്‍ ഈ വാദങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുരളീധരനെ വിളീക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന തരത്തില്‍ കോഴിക്കോടും തൃശ്ശൂരും പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharana against CM Pinarayi Vijayan comment on welfare party understanding with UDF