കോഴിക്കോട്: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. എം.പിമാര്‍ക്ക് സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡി.ജി.പിയ്ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കും സല്യൂട്ട് നല്‍കുന്നുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. പിന്നെന്താണ് എം.പിമാര്‍ക്ക് സല്യൂട്ട് നല്‍കാത്തതെന്നും അദ്ദേഹം ആരാഞ്ഞു.
എം.പിമാര്‍ ഓട് പൊളിച്ച് കയറി വന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയായിരുന്നു അടുത്തിടെ വിവാദമായത്.
‘ഞാന്‍ എം.പിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
പിന്നാലെ സല്യൂട്ട് ചോദിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും പറഞ്ഞിരുന്നു. സല്യൂട്ട് അടിക്കുന്ന കാര്യത്തില്‍ ചില വിവേചനങ്ങള്‍ ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി ആരോപിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിക്ക് പൊലീസുകാര്‍ നിരത്തി സല്യൂട്ട് അടിച്ചതും ശ്രദ്ധേയമായിരുന്നു.
പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുപോകവേയായിരുന്നു വഴിയില്‍ സെക്യൂരിറ്റിക്കായി നിന്നിരുന്ന പൊലീസുകാര്‍ സല്യൂട്ടടിച്ചത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് നല്‍കി.