| Sunday, 6th June 2021, 6:19 pm

കുഴല്‍പ്പണ കേസില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുരേന്ദ്രന് കെ. മുരളീധരന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍ എം.പി.  ബി.ജെ.പി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണെന്നും കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതെന്നും കെ. മുരളീധരന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

നേരത്തെ കൊടകര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍
ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുരളീധരന വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് കെ. മരളീധരന്റെ പുതിയ വിശദീകരണം.

‘ആരോപണ വിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍,’ കെ. മുരളീധരന്‍ പറഞ്ഞു.

ഒരു സ്ഥാനാര്‍ഥി സ്വന്തം നിയോജകമണ്ഡലത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ല. ബി.ജെ.പി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാന്‍ ഉള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും മുരളീധരന്‍ പറഞ്ഞു.

കെ.സുരേന്ദ്രനെതിരായ കള്ളപ്പള്ള ആരോപണങ്ങളിലും കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ. മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടന്നാല്‍ നരേന്ദ്ര മോദിയില്‍ വരെ ചെന്നെത്തിയേക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: K. Muraleedharan  stands by the allegations made in the money laundering case.

Latest Stories

We use cookies to give you the best possible experience. Learn more