| Sunday, 20th December 2020, 2:37 pm

കോണ്‍ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന്‍ തയ്യാര്‍; നേതൃമാറ്റ ചര്‍ച്ചകളില്‍ പ്രതികരിച്ച് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ വിവാദത്തില്‍ പ്രതികരിച്ച് വടകര എം.പി കെ. മുരളീധരന്‍. നിലവില്‍ നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനവും പരിശ്രമവുമാണ് പാര്‍ട്ടിക്കകത്ത് വേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും ലീഗല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നേതൃത്വത്തെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോടും തൃശ്ശൂരിലും സമാനമായ ഫ്ളക്സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് കൂട്ടായ പ്രവര്‍ത്തനമില്ലെന്ന വിമര്‍ശനവുമായി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.

കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയ കാരണം. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

ആദ്യം രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക. ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം. ഈ കമ്മിറ്റികള്‍ ഒരു ഭാരമാണ്. കെ.പി.സി.സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്മാര്‍ ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും മുരളീധരന്‍ ഉന്നയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏറെ പിറകിലായിപ്പോയിരുന്നു. 321 പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. ബ്ലോക്കില്‍ 44ഉം ജില്ലാ പഞ്ചായിത്തില്‍ രണ്ടിടത്തുമാണ് യു.ഡി.എഫ് ജയിച്ചത്. അഞ്ച് കോര്‍പ്പറേഷനുകളില്‍ ഒരിടത്ത് മാത്രമാണ് യു.ഡി.എഫിന് ഭരണം നേടാനായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan says that he is ready to accept any responsible post if party given

We use cookies to give you the best possible experience. Learn more