പത്മജയെ ബി.ജെ.പിയിലെത്തിച്ചത് ബെഹ്‌റ തന്നെയാണെന്ന് കെ. മുരളീധരൻ; തെളിവ് നൽകാൻ വെല്ലുവിളിച്ച് പത്മജ
Kerala News
പത്മജയെ ബി.ജെ.പിയിലെത്തിച്ചത് ബെഹ്‌റ തന്നെയാണെന്ന് കെ. മുരളീധരൻ; തെളിവ് നൽകാൻ വെല്ലുവിളിച്ച് പത്മജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 11:47 am

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കുവാൻ ഇടനില നിന്നത് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെന്ന് കെ. മുരളീധരൻ.

പത്മജയെ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ എത്തിച്ചത് ഒരു വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഇടപെടലിലാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് പേര് പറയാൻ മടിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുരളീധരൻ ബെഹ്‌റയുടെ പേര് പറഞ്ഞത്‌.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റക്ക് അന്നുമുതൽ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ടെന്നും മോദിയുമായും പിണറായിയുമായും ബന്ധമുള്ള ബെഹ്റ ബി.ജെ.പിക്കായി ചരട് വലിച്ചതാണെന്നും മുരളീധരൻ ആരോപിച്ചു.

നേമത്തെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് മുതൽ ബി.ജെ.പിക്ക് തന്നോട് പകയാണെന്നും പത്മജയെ പാർട്ടിയിലെത്തിച്ചുകൊണ്ട് ബി.ജെ.പി കണക്ക് തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്മജയെ രംഗത്തിറക്കിയാൽ കോൺഗ്രസിന് ജോലി എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒന്നരവർഷമായി ബെഹ്‌റയെ താൻ കണ്ടിട്ടില്ലെന്നും ബി.ജെ.പിയിൽ ചേരാനുള്ളത് സ്വന്തമായി എടുത്ത തീരുമാനമാണെന്നും പത്മജ വേണുഗോപാൽ മുരളീധരന്റെ പ്രസ്താവനക്ക് മറുപടി നൽകി.

ബെഹ്റ ഇടനിലക്കാരൻ ആയതിന്റെ തെളിവ് നൽകാനും പത്മജ മുരളീധരനെ വെല്ലുവിളിച്ചു.

താൻ ശക്തമായ തീരുമാനമെടുക്കുന്ന ആളാണെന്ന് ബെഹ്‌റക്ക് അറിയാമെന്നും അതിനാൽ ബി.ജെ.പി പ്രവേശനം ആവശ്യപ്പെട്ട് തന്നെ അദ്ദേഹം സമീപിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു.

പിണറായി വിജയന് വേണ്ടിയാണ് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ പത്മജ വേണുഗോപാലിനെ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ എത്തിച്ചത് എന്നായിരുന്നു സതീശന്റെ ആരോപണം. പത്മജ ബി.ജെ.പിയിൽ ചേർന്നതിൽ ഏറ്റവും ആഹ്ലാദം സി.പി.ഐ.എമ്മിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Content highlight: K Muraleedharan says behra is the mediator for Pathmaja’s BJP Entry’ Pathmaja challenges to provide proof