| Saturday, 21st April 2012, 12:37 pm

ചിലര്‍ക്ക് പകര്‍ച്ച വ്യാധി, ലീഗ് ചികിത്സിക്കും: തങ്ങള്‍; ഇ.ടിക്ക് തീവ്രവാദ നിലപാടെന്ന് കെ.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ ചിലര്‍ പകര്‍ച്ചവ്യാധി പിടിപെട്ട പോലെ പെരുമാറുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. ഈ രോഗം ചികിത്സിക്കാനുള്ള നിയോഗമാണ് മുസ്‌ലിം ലീഗിനുള്ളതെന്നും മലപ്പുറം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തങ്ങള്‍ പറഞ്ഞു.

” ലീഗിനെതിരെ പകര്‍ച്ച വ്യാധി പിടിപെട്ട പോലെയാണ് ചിലര്‍ പെരുമാറുന്നത്. ഈ രോഗം മാറ്റുകയാണ് ലീഗിന്റെ നിയോഗം. അഞ്ചാം മന്ത്രി ലീഗിന്റെ ന്യായമായ ആവശ്യമാണ്. അതില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ല. ചില മാലിന്യങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടിയിട്ടുണ്ട്. അത് മാറ്റുകയാണ് മന്ത്രി അലിയുടെ ജോലി”- തങ്ങള്‍ വ്യക്തമാക്കി.

അതേസമയം മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ വീണ്ടും രംഗത്തെത്തി. അഞ്ചാം മന്ത്രി മുസ്‌ലിം ലീഗിന്റെ മതേതര പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് മുരളീധരന്‍ പറഞ്ഞു. അഞ്ചാം പദവി കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു. തടസ്സമായത് ഇ.ടിയുടെ തീവ്രവാദ നിലപാടാണ്. തീവ്രവാദിയെന്ന കുപ്പായം ഇ.ടി അഴിച്ചുവെക്കണം.

നെയ്യാറ്റിന്‍കരയില്‍ തോറ്റാലും മുഖ്യമന്ത്രിയെ മാറ്റേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. കരുണാകരനും എ.കെ ആന്റണിയും കരഞ്ഞുകൊണ്ടാണ് പുറത്തു പോയത്. ഈ ഗതി ഇനി ആര്‍ക്കും ഉണ്ടാവരുത്. എന്‍.എസ്. എസ് കോണ്‍ഗ്രസ്സിനെ ആവോളം സഹായിച്ചിട്ടുണ്ടെന്നും പ്രസ്താവന നടത്തുന്നവര്‍ ഈ സഹായം വേണ്ടെന്ന് പറയാന്‍ തയ്യാറാവണമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തലസ്ഥാനത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായുള്ള കൂടിക്കാഴചക്ക് ശേഷം സാംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മിസ്ത്രിയും തമ്മിലുണ്ടായ ചര്‍ച്ചയില്‍ തെറ്റിദ്ധാണകളെല്ലാം മാറ്റിയതായും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more