കോഴിക്കോട്: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.പി. വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ ചീത്ത വിളിക്കുകയാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ചെയ്ത കുറ്റം പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും മേല്‍ ചാര്‍ത്തുകയാണെന്നും സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീം പരീക്ഷ നടത്തരുതെന്ന് പറഞ്ഞു, പക്ഷെ സര്‍ക്കാര്‍ അത് അവഗണിച്ചെന്നും അതിനാലാണ് കുട്ടികള്‍ക്ക് രോഗം പടര്‍ന്നതെന്നും എം.പി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടായി. എന്തിനാണ് അദ്ദേഹം ചീത്ത പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോഴും കോണ്‍ഗ്രസ് അദ്ദേഹത്തെ ബഹിഷ്‌കരിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത് ജനകീയ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. നിയമസഭ ചേരാന്‍ പോലും സര്‍ക്കാരിന് ധൈര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭ ചേരണമെന്നും അദ്ദേഹം പറഞ്ഞു.
പാലത്തായി കേസില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.ജി ശ്രീജിത്തിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദ രേഖ അദ്ദേഹത്തിന്റെതാണെങ്കില്‍ നടപടിവേണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് പോക്‌സോ ചുമത്തിയില്ല എന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ മൗനം അത്ഭുതകരമാണെന്നും മുരളീധരന്‍ പറഞ്ഞു.
അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രി നിര്‍ത്തണമെന്നും ഒരു കേസില്‍ നിന്നും രക്ഷപ്പെടാന്‍ സി.പി.ഐ.എം ബി.ജെ.പിക്ക് കീഴ്‌പ്പെടരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക