| Saturday, 10th December 2022, 12:58 pm

ഒന്നിച്ച് നിന്നാല്‍ മൂന്നരവര്‍ഷം കൊണ്ട് അധികാരം, ലീഗ് പോയാല്‍ വലിയ നഷ്ടമാകും: കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.

മുസ്‌ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് ആറ് മാസം മുമ്പ് വരെ സി.പി.ഐ.എം പറഞ്ഞിരുന്നു. നിലപാട് മാറ്റിയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന നിലയിലേക്ക് സി.പി.ഐ.എമ്മും എത്തിയെന്നാണ് മനസിലാക്കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയില്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ മുസ്‌ലിം ലീഗ് മുന്നണി വിട്ടാല്‍ അത് വലിയ നഷ്ടമാകും. മുന്നണി സംവിധാനം ദുര്‍ബലമാകും. കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സി.പി.ഐ.എം മുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷിന്റെ പരാമര്‍ശം ഗൗരവത്തോടെ കാണണമെന്നും മുരളീധരന്‍ പറഞ്ഞു.

ഒരുമിച്ച് നിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞാല്‍ യു.ഡി.എഫിന് കേരളത്തില്‍ അധികാരത്തിലെത്താന്‍ പറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഒരുമിച്ച് നിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞാല്‍ യു.ഡി.എഫിന് കേരളത്തില്‍ അധികാരത്തിലെത്താന്‍ പറ്റും. അതിന്റെ സൂചനകള്‍ എല്ലാ ഭാഗത്തുമുണ്ട്. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ആശയപരമായ സംഘര്‍ഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ട്.

രാജ്യസഭയില്‍ ഏക സിവില്‍ കോഡ് ചര്‍ച്ചയില്‍ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. ആമുഖ ഘട്ടത്തില്‍ തന്നെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അതിനെ വിമര്‍ശിച്ചു. സാധാരണ ഇത്തരം ബില്ലുകള്‍ വോട്ടെടുപ്പിലേക്ക് പോകാറില്ല.

എന്നാല്‍ വിഷയത്തിന്റെ പ്രാധാന്യം കാരണമാണ് അത് വോട്ടെടുപ്പിലേക്ക് പോയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ബില്ലിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു,’ കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം, ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചക്ക് വന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് എം.പി പോലും പാര്‍ലമെന്റില്‍ ഇല്ലാതിരുന്നതിനെ മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് എം.പി കഴിഞ്ഞ ദിവസം സഭയിലെ പ്രസംഗത്തിനിടെ വിമര്‍ശിച്ചിരുന്നു.

വഹാബിന്റെ കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തിന് പിന്നാലെ മുസ്‌ലിം ലീഗിന് പിന്തുണയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. പാര്‍ട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വര്‍ഗീയപാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.

വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോള്‍ ഞങ്ങള്‍ ശക്തിയായി ലീഗിനെയും വിമര്‍ശിച്ചിട്ടുണ്ട്,’ എന്നാണ് എം. വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ താന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് വാദവുമായി പി.വി. അബ്ദുള്‍ വഹാബ് എം.പി വീണ്ടും രംഗത്തെത്തി.

രാജ്യസഭയിലെ ചര്‍ച്ചക്കിടെ കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്നും, താന്‍ ഉന്നയിച്ചത് ഒരു പരസ്യവിമര്‍ശനമായിരുന്നില്ലെന്നുമാണ് വഹാബ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ സ്വകാര്യ ബില്ലുകളും ചര്‍ച്ചയ്ക്ക് വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോകാറുള്ളത്. ഈ ബില്ല് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ലെന്നും വഹാബ് പറഞ്ഞു.

Content Highlight: K Muraleedharan’s Reaction on MV Govindan’s Remark about league

We use cookies to give you the best possible experience. Learn more