| Tuesday, 30th April 2019, 12:49 pm

വടകരയിലും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കെ.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയിലും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. 60 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നും 162 ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കോടതി പ്രഖ്യാപിച്ചിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫിന് 18 സീറ്റ് കിട്ടുമെന്നും വടകരയില്‍ 25,000 വോട്ടിന് താന്‍ ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് വാദമുയര്‍ത്തിയെങ്കിലും സലീന ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

പിലാത്തറ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ടിക്കാറാം മീണ സ്ഥിരീകരിച്ചത്.

മുസ്ലിം ലീഗിനെതിരെയാ കള്ളവോട്ട് പരാതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍, കാസര്‍ഗോഡ് കലക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്. കലക്ടര്‍മാര്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കല്യാശേരിയില്‍ രണ്ടിടങ്ങളിലാണ് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവെന്നത്. ഒരു ബൂത്തില്‍ ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

69 ആം നമ്പര്‍ ബൂത്തിലെ 381 ആം നമ്പര്‍ വോട്ടര്‍ ലീഗ് പ്രവര്‍ത്തകനായ ഫായിസാണ് കള്ള വോട്ട് രേഖപ്പെടുത്തിയത്. ഇയാള്‍ 70 ആം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തിയിരുന്നു. 69 ആം ബൂത്തിലെ 76 ആം നമ്പര്‍ വോട്ടര്‍ ആഷിക് പല തവണ വോട്ട് രേഖപ്പെടുത്തുന്നതും കാണാം. മൂന്ന് തവണ കയറി ഇറങ്ങുന്നതും വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.

We use cookies to give you the best possible experience. Learn more