കെ. കരുണാകരനുള്‍പ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കൊക്കെ പണി കിട്ടിയിട്ടുണ്ട്: പിണറായിക്ക് തിരിച്ചടി ഉറപ്പെന്ന് മുരളീധരന്‍
Kerala
കെ. കരുണാകരനുള്‍പ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കൊക്കെ പണി കിട്ടിയിട്ടുണ്ട്: പിണറായിക്ക് തിരിച്ചടി ഉറപ്പെന്ന് മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 3:21 pm

കോഴിക്കോട്: രമണ്‍ ശ്രീവാസ്തവയെ ആരൊക്കെ വിശ്വസിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എം.പി. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ. കരുണാകരന്‍ ഉള്‍പ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കൊക്കെ പണി കിട്ടിയിട്ടുണ്ടെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കരുണാകരന്റെ പടിയിറക്കത്തിന് കാരണമായ വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ തന്നെ ഇപ്പോള്‍ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ ഇപ്പോള്‍ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്നും ധനമന്ത്രി തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ ശ്രീവാസ്തവയുടെ ഔദാര്യം വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ശ്രീവാസ്തവ അറിയുന്ന കാര്യങ്ങള്‍ ക്യാബിനെറ്റ് മന്ത്രിമാര്‍ പോലും അറിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുണാകരന്‍ ഭരിക്കുന്ന സമയത്താണ് ‘ചാരമുഖ്യന്‍ രാജിവെക്കുക’, ‘ ശ്രീവാസ്തവയെ അറസ്റ്റുചെയ്യുക’ എന്ന മുദ്രാവാക്യം ഉയര്‍ന്നത്. ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാല്‍ പിണറായിക്കത് തിരിച്ചടിയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സമയത്ത് കല്ലാമല വിഷയത്തില്‍ കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ യുദ്ധമുഖത്താണ് നില്‍ക്കുന്നത് അസ്ത്രങ്ങള്‍ എയ്യേണ്ടത് സ്വന്തം പക്ഷത്തേക്കല്ല ശത്രു പക്ഷത്തേക്കാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചേക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ വടകര എം.പി കെ മുരളീധരന്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

വിഷയത്തില്‍ യു.ഡി.എഫ് നേതൃത്വം ഇടപെടുകയും കെ.പി.സി.സി നേതൃത്വം തീരുമാനം അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ