തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതില്‍ യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.പി. ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഇവര്‍ വിട്ടുപോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു. കാലാകാലങ്ങളിലായി യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കാനും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കല്‍ ബോഡിയിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മുരളീധരന്‍ പറഞ്ഞു.
കൂടുതല്‍ കക്ഷികള്‍ മുന്നണിയില്‍ നിന്ന് വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഇപ്പോഴത്ത നിലയില്‍ ജയിക്കാനുള്ള കഴിവുണ്ട്. പക്ഷേ മുന്നണി വിടുന്നു എന്ന പ്രചരണം നടത്താന്‍ ഇത് കാരണമാകും. ചര്‍ച്ചയിലൂടെ പിണങ്ങിപ്പോയവരെ കൊണ്ടുവരികയാണ് വേണ്ടത്.
ഇവരൊക്കെയായി കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടാവുന്നുണ്ട്. വീരേന്ദ്രകുമാര്‍ 46 വര്‍ഷത്തെ ഇടതുബാന്ധവം സഹിക്കാന്‍ കഴിയാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയി. ഞാന്‍ ഇവരുമായി സംസാരിക്കുമ്പോള്‍ മനസിലായത് വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു പലതും എന്നതാണ്.
അവിടെയാണ് ഗ്യാപ് വന്നത്. അത് പരിഹരിക്കണം. ഞാന്‍ ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ച രണ്ട് വിഭാഗവും കാണിക്കാമായിരുന്നു. ജോസ് കെ. മാണി ഒരു അബദ്ധം കാണിച്ചു. ചില്ലറ മാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിന് വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. അതേസമയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശും എടുത്ത തീരുമാനം 100 ശതമാനം ശരിയുമാണ്.
രണ്ട് പേര്‍ ഒരു സ്ഥാനത്തിന് വേണ്ടി തര്‍ക്കിക്കുന്നു. നേരം പുലര്‍ന്നിട്ടും തീരുമാനമായില്ല. ആ നിലയ്ക്ക് മാന്യമായ വീതം വെപ്പാണ് രണ്ട് പേരും നടത്തിയത്. രാഷ്ട്രീയകാര്യസമിതി ഇത് അംഗീകരിച്ചു. എന്നാല്‍ അതിന്റെ പേരില്‍ മുന്നണി വിടുന്ന കാര്യം ഒഴിവാക്കേണ്ടതായിരുന്നു.
കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതല്‍ ആള്‍ക്കാരെ എടുത്തിട്ടേ ഉള്ളൂ. അദ്ദേഹത്തിന്റെ കാലത്ത് കേരള കോണ്‍ഗ്രസില്‍ രണ്ട് തവണ പിളര്‍പ്പുണ്ടായി. ആദ്യത്തെ പിളര്‍പ്പ് നടന്നപ്പോള്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയും കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. അന്ന് കെ.എം ജോര്‍ജും കെ.എം മാണിയുമായി പിരിഞ്ഞപ്പോള്‍ രണ്ട് പേരും മുന്നണിയിലുണ്ടായിരുന്നു. രണ്ട് പേരും മന്ത്രിമാരുമായിരുന്നു.
അതിന് ശേഷം കെ.എം മാണിയും ടി.എം ജേക്കബ്ബുമായി പിരിഞ്ഞപ്പോള്‍ രണ്ട് പേരും മുന്നണിയിലുണ്ടായിരുന്നു. ജോസഫും മാണിയും ഒരേ മുന്നണിയിലെ ഘടകകക്ഷി മന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് കൊഴിഞ്ഞുപോക്ക് തടയാന്‍ കരുണാകരന് കഴിഞ്ഞു. ഇന്ന് അതിന് കഴിയുന്നില്ല എന്ന് ഫീലിങ് സാധാരണ ജനത്തിനുണ്ട്.
കൂടുതല്‍ കക്ഷികളെ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. അധികാര തുടര്‍ച്ചയ്ക്ക് വേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത മുന്നണിയാണ് ഇടതുമുന്നണി. ഇന്നലെ വരെ മാണി സാറിനെ കുറിച്ച് പറഞ്ഞതൊക്കെ അവര്‍ വിഴുങ്ങി. ഞാനൊക്കെ അംഗമായിരുന്ന സഭയിലാണ് മാണി സാറിനെ ബജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാത്ത രീതിയിലുള്ള വൃത്തികെട്ട കളികള്‍ നടന്നത്. അതൊക്കെ വിഴുങ്ങി ജോസിനെ സ്വീകരിച്ചിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക