തിരുവനന്തപുരം: രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് കെ. മുരളീധരന്‍ എം.പി. കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്റെ കാരണം താന്‍ പരസ്യമായി പറഞ്ഞതാണെന്നും എന്നാല്‍ തന്റെ രാജിയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വരുന്ന വ്യാഖ്യാനം അക്കരെ നിക്കുമ്പോള്‍ ഇക്കരെ പച്ച എന്നുള്ള തരത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാരായി നില്‍ക്കുന്നവര്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്നും അതാണ് രാജിക്ക് പിന്നില്‍ എന്നുമാണ് ചില പത്രങ്ങള്‍ പറയുന്നത്. ഇത് തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. നിയമസഭയിലേക്ക് ഇനിയില്ലെന്ന് ഞാന്‍ പരസ്യമായി പറഞ്ഞതാണ്. കാരണം ഞാന്‍ ലോക്‌സഭയിലേക്ക് പോകാന്‍ ആഗ്രഹിച്ച ആളല്ല. വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തിലെ ഓരോ വീടുമായും ബന്ധമുള്ള ആളാണ് ഞാന്‍.
ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്. അവര്‍ക്ക് എന്നെ അറിയാം. അങ്ങനെ പോകുമ്പോഴാണ് വടകരയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് പറയുന്നത്.
ഞാന്‍ അതനുസരിച്ച് വടകരയില്‍ പോയി പാര്‍ട്ടിയുടേയും ജനങ്ങളുടേയും സഹായം കൊണ്ട് ജനപ്രതിനിധിയായി. ഇനിയൊരു തിരിച്ചുവരവിന് ഇപ്പോള്‍ പ്രസ്‌കതിയില്ല. അവിടെ എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുണ്ട്. അവരെ അഞ്ച് വര്‍ഷം സേവിക്കുക എന്ന ഉത്തരവാദിത്തമാണ് എനിക്കുള്ളത്. അപ്പോള്‍ ഞാന്‍ മറ്റ് കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല.
പക്ഷേ വട്ടിയൂര്‍കാവുമായി എനിക്ക് എല്ലാകാലവും ബന്ധമുണ്ടാകും. അതില്ലാതാവില്ല. എന്റെ പിതാവ് കെ. കരുണാകരന് മാള നിയോജക മണ്ഡലം അദ്ദേഹത്തിന്റെ സ്വന്തം കുടുംബമായിരുന്നു. അത്തരത്തിലൊരു ബന്ധം എനിക്ക് വട്ടിയൂര്‍കാവുമായും ഉണ്ട്. എനിക്ക് എട്ട് നിയോജക മണ്ഡലങ്ങളുണ്ടെന്ന് ഞാന്‍ പറയാറുണ്ട്. അതില്‍ ഏഴെണ്ണം വടകരയും ഒന്ന് വട്ടിയൂര്‍കാവുമാണ്. അത് എന്റെ കുടുംബമാണ്.
പക്ഷേ എന്ന് വെച്ച് ഞാന്‍ അസംബ്ലിയില്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. മാത്രമല്ല മത്സരിക്കില്ലെന്ന് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ദല്‍ഹിയില്‍ ഞങ്ങളുടെ എം.പിമാരുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ അവിടെ വിട്ട് ഒരു എം.പിമാര്‍ക്കും എവിടേയും പോകാന്‍ കഴിയില്ല. ഇങ്ങനെയൊരു അവസ്ഥയില്‍ ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ കൊടുക്കേണ്ടതുണ്ടോ.
അതാണ് പറഞ്ഞത് ചിലരുടേയൊക്കെ മനസില്‍ ഇപ്പോഴും പാര്‍ട്ടിയുടെ താത്പര്യത്തേക്കാള്‍ ചിലരെയൊക്കെ ചവിട്ടിയൊതുക്കുക എന്ന ലക്ഷ്യങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഞങ്ങള്‍ ശക്തമായി നിലനില്‍ക്കും. പാര്‍ട്ടിയോടൊപ്പം നില്‍ക്കും. ഏത് തീരുമാനം എടുത്താലും കൂടെയുണ്ടാകും.
കെ. കരുണാകരനെ ഒതുക്കാന്‍ നോക്കിയവര്‍ക്ക് അദ്ദേഹത്തെ കിട്ടിയില്ലെങ്കിലും മകനെയെങ്കിലും കിട്ടിയല്ലോ എന്ന ചാരിതാര്‍ത്ഥ്യമായിരിക്കാം ഒരു പക്ഷേ ഇതിന് പിന്നില്‍. അതിലൊന്നും എനിക്ക് പരാതിയില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് ഒരുപാട് അവസരങ്ങള്‍ തന്നു. അതിലൊക്കെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നാല് തവണ എം.പിയായി. ആറ് തവണ എം.എല്‍.എയായി ചെറിയ പിരീഡില്‍ മന്ത്രിയായി. ഏറ്റവും വലിയ അംഗീകാരമായി തന്നെ ഇതിനെ കണക്കാക്കുന്നു. ഇത്രയും ചവിട്ടലിനിടയിലും ഇത്രയൊക്കെ നേടാനായതില്‍ സംതൃപ്തിയുണ്ട് പാര്‍ട്ടിയോട് കടപ്പാടുണ്ട്.
ഞാനായിട്ട് ഇനി ഒരു മത്സരത്തിനില്ല, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല സത്യസന്ധമായി നിറവേറ്റും. ഒരു തെരഞ്ഞെടുപ്പ് എന്റെ അജണ്ടയിലില്ല.
ബി.ജെ.പിയെ സംബന്ധിച്ച് നല്ല വളക്കൂറുള്ള മണ്ണാണ് തിരുവനന്തപുരത്തേത്. ഇവിടെ കോണ്‍ഗ്രസിനും യു.ഡി.എഫിനും രണ്ട് ശത്രുക്കളുണ്ട്. ബി.ജെ.പിയാണ് മുഖ്യശത്രു. അടുത്തത് ഇടതുപക്ഷം. ത്രികോണ മത്സരം നടക്കുന്ന നഗരമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ അവിടെ വിജയിക്കാന്‍ പറ്റു.
കഴിഞ്ഞ അസംബ്ലിയിലൊക്കെ വട്ടിയൂര്‍കാവില്‍ യു.ഡി.എഫിന്റെ സ്ഥിതി വളരെ പ്രയാസമായിരുന്നു. ആ മണ്ഡലത്തില്‍ അഞ്ച് കൊല്ലംകൊണ്ട് ഓരോ വീടുമായും ഞാന്‍ ഉണ്ടാക്കിയ ബന്ധമാണ് വികസനത്തേക്കാള്‍ ഏറെ എന്നെ അവിടെ വിജയിക്കാന്‍ സഹായിച്ചത്. ആ ബന്ധമുള്ളവര്‍ക്ക് മാത്രമേ അവിടെ വിജയിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ പ്രധാനമാണ്.
കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കുറേ പ്രസംഗം നടത്തിയതുകൊണ്ടൊന്നും വിജയിക്കില്ല. ജനങ്ങളുമായി ബന്ധം സ്ഥാപിച്ചാല്‍ മാത്രമേ വിജയിക്കുള്ളൂ. എട്ട് അസംബ്ലിയില്‍ ഞാന്‍ സജീവമായുണ്ടാകും. അതുപോലെ എല്ലാവരും ഓരോ മണ്ഡലങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകട്ടേയെന്നും മുരളീധരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക