| Sunday, 13th December 2020, 4:50 pm

വെല്‍ഫെയര്‍ സഖ്യം തെരഞ്ഞടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യും; രാഷ്ട്രീയകാര്യസമിതിയിലെടുത്ത തീരുമാനം ആരും എതിര്‍ത്തിട്ട് കാര്യമില്ല; കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി ധാരണയില്ലെന്ന് ഒരു വിഭാഗം യു.ഡി.എഫ് നേതാക്കള്‍ പറയുമ്പോഴും നീക്കുപോക്കുകളുണ്ടെന്നാവര്‍ത്തിച്ച് കെ. മുരളീധരന്‍ എം. പി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനമാണെന്നും ഇതിനെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ഈ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാന്‍ കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

വടകര ലോക്‌സഭാ മണ്ഡലത്തിലുള്ള ആറ് മുന്‍സിപ്പാലിറ്റികളില്‍ നാലിലും യു.ഡി.എഫ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും ഒരുമിച്ച് റാലി നടത്തിയത് വാര്‍ത്തയായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള അനുമതി സംസ്ഥാന തലത്തില്‍ നല്‍കിയിട്ടുണ്ടെന്ന് മുരളീധരന്‍ എം.പി നേരത്തെയും പറഞ്ഞിരുന്നു. അതില്‍ തെറ്റില്ലെന്നും കോഴിക്കോട് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് തള്ളിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan MP says understandings between welfare party with UDF will help in election

We use cookies to give you the best possible experience. Learn more