കോഴിക്കോട്: വിഴിഞ്ഞം സമരം ഇപ്പോള്‍ വെജിറ്റേറിയനാണ് അതിനെ പിണറായി നോണ്‍ വെജിറ്റേറിയന്‍ ആക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
450 കോടി പാക്കേജിനായി മത്സ്യതൊഴിലാളികള്‍ ആറര വര്‍ഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നതെന്നും, അവര്‍ക്ക് അര്‍ഹിച്ച നഷ്ടപരിഹാരം നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.
‘സമരക്കാര്‍ക്കെതിരെ വര്‍ഗീയതയും രാജ്യദ്രോഹവും ആരോപിക്കുകയാണ്. ഇത് അധഃപതനമാണ്. സംഘപരിവാറിനെ കൂട്ടുപിടിച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്. എന്ത് കാര്യം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നു. സര്‍ക്കാര്‍ എല്ലാ ദേഷ്യവും തീര്‍ക്കുന്നത് ഇപ്പോള്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടാണ്,’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ പ്രധാന തള്ളാണ് ലൈഫ് പദ്ധതി. ലൈഫ് പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്നാലിപ്പോള്‍ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി. ഉദ്യോഗസ്ഥര്‍ക്ക് തോന്നും പോലെ കാര്യങ്ങള്‍ നടപ്പാക്കി. ഇപ്പോള്‍ ലൈഫ് പദ്ധതി തന്നെ ഇല്ലാതായി. ഇവിടെ നടക്കുന്നത് നടക്കാത്ത പദ്ധതിക്കായുള്ള വെല്ലുവിളികളാണ്.
സില്‍വര്‍ ലൈന്‍ ചീറ്റിപ്പോയി. കക്കൂസില്‍ വരെ കല്ലിട്ട പദ്ധതിയാണ് സില്‍വര്‍ ലൈന്‍.
കേന്ദ്ര പദ്ധതികളില്‍ തര്‍ക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രം എം പി മാരോടാണ് വിശദീകരണം തേടുന്നത്. ഇതാണ് പതിവ്. പിണറായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പായില്ല,’ മുരളീധരന്‍ കുറ്റപ്പെടുത്തി.
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. സമരസമിതിയുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വിദഗ്ദ സമിതിയെ നിയോഗിച്ചത് സമരക്കാരുടെ ആവശ്യപ്രകാരമാണ്. ഇതില്‍ കൂടുതല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പ്രക്ഷോഭങ്ങളുടെ പേരില്‍ വികസനപദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരും. നാടിനെ നശിപ്പിക്കുന്ന ശക്തികള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒത്തുകൂടുകയാണ്. വിഴിഞ്ഞം പദ്ധതിക്കെതിരായ ഒരു നീക്കവും അനുവദിക്കില്ല.
വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായത് മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആക്രമണമാണ്. അക്രമം ഉണ്ടാകില്ലെന്ന ഉറപ്പ് സമാധാനയോഗത്തില്‍ സമരസമിതി നല്‍കിയിട്ടില്ല. സമരം മറ്റു തലങ്ങളിലേക്ക് വഴിമാറ്റാന്‍ ശ്രമിക്കുകയാണ്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അബ്ദുറഹിമാന്‍ എന്ന പേരിന് എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്‌ലിം പേരായതുകൊണ്ട് തീവ്രവാദിയെന്ന് എങ്ങനെ പറയാന്‍ കഴിയുന്നെന്നും എന്താണ് ഇളക്കി വിടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പൊലീസ് സ്റ്റേഷന്‍ ആക്രമണമടക്കമുണ്ടായ ദിവസം പള്ളിമണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ സംഭവ സ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.