| Saturday, 31st December 2022, 11:30 am

സജി ചെറിയാന്റെ മന്ത്രിസ്ഥാനം; കോടതി തീരുമാനം വരും മുമ്പേയുള്ള സി.പി.ഐ.എം തീരുമാനം തെറ്റ്: കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോടതിയുടെ തീരുമാനം വരും മുമ്പേ സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ സി.പി.ഐ.എം തീരുമാനം എടുത്തത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.

ഭരണഘടനയെ വിമര്‍ശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തത്. സജി ചെറിയാനെ മന്ത്രിയാക്കിയാല്‍ വീണ്ടും ആരെങ്കിലും കോടതിയില്‍ പോയാല്‍ ആയാള്‍ രാജി വെക്കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയില്‍ ഒരു തെറ്റുമില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. മതങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ധ്രുവീകരണത്തിനാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇ.പി ജയരാജനെ തൊട്ടാല്‍ പിണറായിയിലേക്ക് എത്തുമെന്നതിനാലാണ് ജയരാജനെ സംരക്ഷിക്കുന്നത്. ജയരാജനോട് സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോ പി.ബി അംഗമോ ആക്കുമായിരുന്നു. ജയരാജന്‍ വിഷയം കോണ്‍ഗ്രസ് വിടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെ. സുധാകരന്‍ കെ.പി.സി.സി സ്ഥാനമൊഴിയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. താഴെത്തട്ടില്‍ പുനസംഘടന നടക്കാത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. താഴെത്തട്ടിലടക്കമുള്ള പല കമ്മിറ്റികളും നിര്‍ജീവമായ സ്ഥിതിയിലാണ്, അതിന് മാറ്റമുണ്ടാകണം. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തില്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും.

ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് പകരക്കാരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ കോടതി തീരുമാനത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്നായിരുന്നു പാര്‍ട്ടി തീരുമാനം.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഹൈക്കോടതി ഈ മാസമാണ് തളളിയത്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണവും പൊലീസ് അവസാനിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് തിരുവല്ല കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ടും നല്‍കി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിയില്‍ നടത്തിയ പ്രസംഗം വിവാദമായതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.

സി.പി.ഐ.എം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍ പറഞ്ഞത്.

Content Highlight: K Muraleedharan MP’s Reaction on Saji Cheriyan’s Re entry to Kerala Cabinet

We use cookies to give you the best possible experience. Learn more