തിരുവനന്തപുരം: സര്‍ക്കാരിനെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി. പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ എന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ച് മനഃപൂര്‍വ്വം കേസെടുക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസവും രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ കെ. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ. കരുണാകരന്‍ ഉള്‍പ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കൊക്കെ പണി കിട്ടിയിട്ടുണ്ടെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
കരുണാകരന്റെ പടിയിറക്കത്തിന് കാരണമായ വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവര്‍ തന്നെ ഇപ്പോള്‍ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ ഇപ്പോള്‍ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്നും ധനമന്ത്രി തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ ശ്രീവാസ്തവയുടെ ഔദാര്യം വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ശ്രീവാസ്തവ അറിയുന്ന കാര്യങ്ങള്‍ ക്യാബിനെറ്റ് മന്ത്രിമാര്‍ പോലും അറിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുണാകരന്‍ ഭരിക്കുന്ന സമയത്താണ് ‘ചാരമുഖ്യന്‍ രാജിവെക്കുക’, ‘ ശ്രീവാസ്തവയെ അറസ്റ്റുചെയ്യുക’ എന്ന മുദ്രാവാക്യം ഉയര്‍ന്നത്. ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാല്‍ പിണറായിക്കത് തിരിച്ചടിയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.എഫ്.ഇ റെയ്ഡിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയായിരുന്നെന്നും റെയ്ഡ് മുഖ്യമന്ത്രി പോലും അറിഞ്ഞിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. റെയ്ഡ് ധനമന്ത്രി അറിഞ്ഞിരുന്നില്ല എന്നതും വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ രമണ്‍ ശ്രീവാസ്തവയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കെ. മുരളീധരന്‍ രംഗത്ത് വന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക