കോഴിക്കോട്: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് യു.ഡി.എഫിനെ ഓര്‍മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രമാണെന്ന് എം.പി. കെ.മുരളീധരന്‍. പാലം തങ്ങളുടേതാണെന്നായിരുന്നു അതുവരെ അവരുടെ വാദം. ഏതന്വേഷണത്തിനും തയ്യാറാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ല. അതുകൊണ്ട് ധാര്‍മികത പറഞ്ഞ് നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും ഇതുതന്നെ പറയണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് അക്വിസിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ‘എന്താണ് അക്വിസിഷന്‍ പൂര്‍ത്തിയാക്കുന്നതിലെ തടസ്സം എന്നറിയില്ല. ഇങ്ങനെ പോയാല്‍ കരിപ്പൂര്‍ വിമാനത്താവളം നഷ്ടപ്പെടും. വിമാനത്താവളത്തെ ഞെക്കിക്കൊല്ലുന്ന നടപടിയില്‍ നിന്ന് പിന്മാറണം. സ്ഥലം ഏറ്റെടുത്താല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് കേന്ദ്ര മന്ത്രി അടക്കം വ്യക്തമാക്കിയത്. അതുകൊണ്ട് വലിയ പ്രതിഷേധ പരിപാടികള്‍ക്ക് ഇടം കൊടുക്കാതെ പ്രശ്നം ഉടന്‍ പരിഹരിക്കണം’, മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.