| Wednesday, 2nd September 2020, 4:27 pm

കൊല്ലപ്പെട്ടവരുടെ കയ്യിലെ വാള്‍ ഉത്രാടക്കൊല വെട്ടാനായിരുന്നോ; വെഞ്ഞാറമ്മൂട് കൊലപാതകത്തില്‍ കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍.

മരണപ്പെട്ടവരുടെ കയ്യിലും ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും ആയുധങ്ങളുമായി അവര്‍ അവിടെ പോയത് ഉത്രാടക്കൊല വെട്ടാനായിരുന്നോ എന്നുമായിരുന്നു മുരളീധരന്റെ ചോദ്യം.

രണ്ട് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി അതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അതെല്ലാം കോണ്‍ഗ്രസിന്റെ തലയില്‍ വെച്ച് കെട്ടാനാണ് ശ്രമം നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണം. അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ ഏതാണെന്ന് അറിയാന്‍ ഞങ്ങള്‍ക്കാണ് താത്പര്യം. കാരണം പ്രതി സ്ഥാനത്ത് ഞങ്ങള്‍ ആണല്ലോ

ഇന്നലെ ഒരു മന്ത്രി, ഇ.പി ജയരാജന്‍. അദ്ദേഹം മുന്‍പ് പല വാചകങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടിയുടെ അംഗമായിരുന്നു അദ്ദേഹം. പക്ഷേ ഇന്ന് അദ്ദേഹം മന്ത്രിയാണ്. ഒരു മന്ത്രി ഒരു എം.പിയെ കുറിച്ചാണ് പറഞ്ഞത്, എം.പി കൊലയാളികളെ സഹായിച്ചു എന്നാണ് പറഞ്ഞത്. അത് തെളിയിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. അതിന് ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്.

തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണം. അടൂര്‍ പ്രകാശിനെ താറടിച്ചുകാണിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം എം.പിയായ കാലം മുതല്‍ തന്നെ ഉണ്ട്. 25 വര്‍ഷം കൊണ്ട് സി.പി.ഐ.എമ്മിന് നടത്താന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രതിപക്ഷ സ്ഥാനത്തിരുന്നിട്ട് പോലും അടൂര്‍ പ്രകാശ് സ്വന്തം മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. അന്ന് മുതല്‍ അടൂര്‍ പ്രകാശ് സി.പി.ഐ.എമ്മിന്റെ കണ്ണിലെ കരടാണ്.

കൊലപാതകം നടന്ന ശേഷമുള്ള ഡി.വൈ.എഫ്.ഐയുടെയൊക്കെ ആവേശം കാണേണ്ടത് തന്നെയാണ് മനുഷ്യപ്പറ്റിനെ കുറിച്ചൊക്കെയാണ് പറയുന്നത്. എന്ത് ഗംഭീരമായിട്ടാണ് പ്രസംഗിക്കുന്നത്. ഞാന്‍ ചോദിക്കട്ടെ നിങ്ങളല്ലേ ഷുഹൈബിനെ കൊന്നത്? ശരത് ലാലിനേയും കൃപേഷിനേയും കൊന്നില്ലേ? 52 വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെ കൊന്നപ്പോള്‍ എവിടെപ്പോയി ഈ മനുഷ്യത്വം.

ഇവിടെ കൊലപാതകം നടത്തി സെക്കന്റുകള്‍ക്കുള്ളില്‍ അക്രമം തുടങ്ങുകയാണ്. കോടിയേരി പറഞ്ഞു തിരുവോണത്തിന് കോണ്‍ഗ്രസുകാര്‍ രക്തം കൊണ്ട് പൂക്കളം ഇട്ടു എന്ന്. ഉത്രാടത്തിന് തൂക്കുകയര്‍ കൊണ്ടല്ലേ അവര്‍ പൂക്കളം ഇട്ടത്. അനു എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തില്ലേ. വികൃതമായ സ്വന്തം മുഖം മറച്ചുവെക്കാന്‍ കൊലപാതകത്തെ ദുരുപയോഗം ചെയ്യുകയാണ്. കോടതിയുടെ മേല്‍നോട്ടത്തിലോ സിബി.ഐ യോ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

സംഭവം നടന്ന ഉടന്‍ തന്നെ ഡി.വൈ.എസ്.പി ഉള്‍പ്പെടെ ഉള്ളവര്‍ രാഷ്ട്രീയകൊലപാതകമല്ല ഇത് എന്ന് പറഞ്ഞു. എന്നാല്‍ അതിന് ശേഷം കോടിയേരി നിയമിച്ച റൂറല്‍ എസ്.പി അശോകന്‍ ആണ് ഇത് രാഷ്ട്രീയകൊലപാതകമാണെന്ന് പറയുന്നത്.

എസ്.പിയോട് ചോദിച്ചപ്പോള്‍ അന്വേഷിക്കുകാണെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും പറഞ്ഞു. ഇതെല്ലാം അഡ്ജസ്റ്റ്‌മെന്റാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി തന്നെ കോടതിയെ സമീപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight; K Muraleedharan criticize cpim on venharanmood murder

We use cookies to give you the best possible experience. Learn more