കോഴിക്കോട്: ചൊവ്വാഴ്ച ബി.ജെ.പി. സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പറഞ്ഞ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ട്രോളി കെ. മുരളീധരന്‍. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് ഇവിടെ എന്ത് മല മറിക്കാനാണെന്ന് അദ്ദേഹം പരിഹസിച്ചു.
‘സംസ്ഥാന കമ്മിറ്റി ഉടനെ യോഗം കൂടിയിട്ട് അത്ര വലിയ കാര്യമൊന്നുമില്ലല്ലോ, വോട്ട് വില്‍ക്കുന്ന ജോലി അല്ല, ഇപ്പോള്‍ ഇലക്ഷനില്ലല്ലോ,’ കെ. മുരളീധരന്‍ പറഞ്ഞു. ആദ്യം ഹാജരായി സത്യസന്ധത തെളിയിക്കണം. അല്ലാതെ വീരവാദമടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാറിനെ ബി.ജെ.പി. ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. കൊടകര കേസില്‍ സര്‍ക്കാര്‍ ബി.ജെ.പിക്ക് വേണ്ടി വീട്ടുവീഴ്ച ചെയ്യുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.