|

'മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ചവരാണ് തരൂരിന്റെ വിലക്കിന് പിന്നില്‍'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശശി തരൂരിന്റെ കോഴിക്കോട്ടെ പരിപാടിയി നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. തരൂരിന്റെ വിലക്കിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചു. മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ചവരാണ് തരൂരിന്റെ വിലക്കിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.

‘എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. എന്നോട് എല്ലാ കാര്യവും ഡി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ഇന്നലെ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയില്ല. നേതാക്കള്‍ക്ക് അറിയാം. അതിനാല്‍ അന്വേഷണം വേണമെന്ന അഭിപ്രായമില്ല.

തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഇത് കോണ്‍ഗ്രസിന് നല്ലതല്ല. എ.ഐ.സി.സിക്ക് പരാതി നല്‍കാം. പക്ഷെ, അന്വേഷണത്തില്‍ കാര്യമില്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല. ക്ഷണിച്ച ഒരു പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന് പിന്മാറേണ്ടിവന്നത് ചില സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങള്‍ ഉള്ളിലുള്ളവരാണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നതില്‍ തെറ്റില്ല,’ മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശശി തരൂരിന്റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല. പാര്‍ട്ടി പരിപാടികള്‍ തീരുമാനിക്കുന്നത് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആകരുത്. പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്റെ സന്ദര്‍ശനം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദങ്ങള്‍ക്കിടെ ശശി തരൂരിന്റെ വടക്കന്‍ കേരളത്തിലെ സന്ദര്‍ശന പരിപാടികള്‍ തുടരുകയാണ്. അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ ടി.പി. രാജീവന്റെ വീട്ടില്‍ രാവിലെ എത്തിയ തരൂര്‍ മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. 22ന് പാണക്കാട്ട് തറവാട്ടിലെ സന്ദര്‍ശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വെച്ച് ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കുന്നുണ്ട്.

കെ.പി. കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന സംഘപരിവാറും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളികളും എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞത്.

ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘാടകരായി പരിപാടി നടത്തുകയായിരുന്നു.

ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത് അന്വേഷിക്കാന്‍ കെ.പി.സി.സി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാണ് എം.കെ. രാഘവന്‍ എം.പി പരിപാടിയില്‍ സംസാരിച്ചത്.

പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പരാതി കൊടുക്കുമെന്നും രാഘവന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം സംബന്ധിച്ച് തന്റെ പക്കലുള്ള എല്ലാ വിവരങ്ങളും കമ്മീഷന് കൈമാറാന്‍ തയാറാണ്. കമ്മീഷനെ നിയോഗിക്കുന്നില്ലെങ്കില്‍ ഈ വിഷയം പാര്‍ട്ടി വേദികള്‍ അക്കമിട്ട് പറയേണ്ടി വരുമെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം പരിപാടി മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്നായിരുന്നു വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം. അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു. സ്ഥലം എം.പി. എന്ന നിലയില്‍ രാഘവന് അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.

കണ്ണൂരില്‍ തങ്ങള്‍ ശശി തരൂരിന് സ്വീകരണം നല്‍കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്തെങ്കിലും സംഭവിക്കുമെന്ന ഭയമില്ല. സംഘപരിവാറിനെതിരായ പരിപാടിയില്‍ പങ്കെടുക്കേണ്ടത് ഉത്തരവാദിത്തമാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

Content Highlight: K Muraleedharan Criticising Congress Leaders Over Shashi Tharoor controversy

Latest Stories