| Thursday, 20th October 2022, 4:01 pm

ഖാര്‍ഗെ ആരോഗ്യവാനാണ്, വേറെ താങ്ങോ വര്‍ക്കിങ്ങോ ആവശ്യമില്ല; പ്രവര്‍ത്തക സമിതിയിലേക്കുള്ള സംവരണമല്ല സ്ഥാനാര്‍ത്ഥിത്വം; തരൂരിനെതിരെ മുരളീധരന്റെ ഒളിയമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് കയറാനുള്ള സംവരണമല്ല അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് കെ. മുരളീധരന്‍ എം.പി. വര്‍ക്കിങ് കമ്മിറ്റിയില്‍ പുതിയ പ്രസിഡന്റുമാരെ ആവശ്യമില്ലെന്നും ഇപ്പോഴുള്ള പ്രസിഡന്റ് നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിന് വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി. എന്നാല്‍ മത്സരിക്കാന്‍ തരൂരിന് കഴിയുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ നല്ല ആരോഗ്യവാനാണ് .അതിനാല്‍ വേറെ താങ്ങോ വര്‍ക്കിങ്ങോ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിന്റുമാര്‍ ഇപ്പോള്‍ ആവശ്യമില്ല. പുതിയ പ്രസിഡന്റ് നല്ല ആക്ടീവാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം നന്നായി നടന്നിട്ടുണ്ട്. എന്നാല്‍ പലയുവാക്കളും നടന്നിട്ടില്ല.

ഖാര്‍ഗെ നല്ല ആരോഗ്യവാനാണ്. അതുകൊണ്ട് വേറെ വര്‍ക്കിങ്ങോ താങ്ങോ ആവശ്യമില്ല. കോണ്‍ഗ്രസിന്റെ ക്രൗഡ് പുളളര്‍ ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണ്. നെഹ്‌റു കുടുംബത്തെ മാറ്റിനിര്‍ത്തി ഒരു നടപടിയും പാര്‍ട്ടി എടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പല സൈബര്‍ ആക്രമണങ്ങളും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നു. ഖാര്‍ഗെയെയും പിന്തുണച്ചവരെയും പലരും മോശമായി ചിത്രീകരിച്ചു . അതിനെയൊന്നും തരൂര്‍ നിരുത്സാഹപ്പെടുത്തിയിട്ടി. രാഹുല്‍ ഗാന്ധിയാണ് മത്സരിച്ചിരുന്നതെങ്കില്‍ നൂറു വോട്ടുകള്‍ പോലും തരൂരിന് ലഭിക്കില്ലായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

തരൂരിനെ പിന്തുണച്ച് പല സി.പി.ഐ.എം നേതാക്കളും എത്തി. അതില്‍ തെറ്റില്ല. അത് ലോകസഭാ തെരഞ്ഞെടുപ്പിലും വേണം. എന്നാല്‍ ഖാര്‍ഗയെ മോശമായി ചിത്രീകരിച്ചു. സി.പി.ഐ.എമ്മിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇങ്ങനെ ചെയ്തിട്ടില്ല. ഈ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അസ്സംബ്ലി ഇലക്ഷന്റെ വീറും വാശിയും ഉണ്ടായിരുന്നു. അത് ജനാധിപത്യത്തില്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു .

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചിലര്‍ക്കെതിരെ ഒളിയമ്പുമായി തരൂരും രംഗത്തെത്തിയിരുന്നു. ഓരോ തവണ തുടക്കുമ്പോഴും അസ്വസ്ഥരായാല്‍ കണ്ണാടിയെങ്ങനെ വൃത്തിയാക്കും എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. രമേശ് ചെന്നിത്തല രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള നേതാക്കള്‍ ഖാര്‍ഗെക്ക് പരസ്യപിന്തുണ നല്‍കിയെത്തിയതിനെക്കുറിച്ചും തരൂര്‍ പറഞ്ഞിരുന്നു.

അതേസമയം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കം നിരവധി പേര്‍ തരൂരിനെ പുകഴ്ത്തിയും രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യമാര്‍ഗത്തിലാണ് നടന്നത്. അതിന് വഴിയൊരുക്കിയ ആളാണ് തരൂര്‍. പ്രതീക്ഷതിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് തരൂരിന് ലഭിച്ചത്. ജയിക്കുമെന്ന് പ്രധീക്ഷയില്ലെങ്കിലും ആയിരത്തില്‍ പരം വോട്ടുകള്‍ നേടുമെന്ന് തരൂരിന് ഉറപ്പുണ്ടായിരുന്നെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Content Highlight: K Muraleedharan comment on Sasi Tharoor

We use cookies to give you the best possible experience. Learn more